സെന്‍കുമാര്‍ കേസും മൂന്നാറിലെ എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ വ്യാജപട്ടയവും സഭയില്‍ ആയുധമാക്കി പ്രതിപക്ഷം സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിനേറ്റ തിരിച്ചടിയും 25000 രൂപ പിഴ വിധിച്ചതും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്നും കെ. മുരളീധരന്‍ എംഎല്‍എ അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കി. അടിയന്തര പ്രധാന്യമില്ലാത്ത വിഷയങ്ങള്‍ അടിയന്ത്ര പ്രമേയമെന്ന പേരില്‍ അവതരിപ്പിക്കുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തോട് പറഞ്ഞു.
സഭയില്‍ ഒരിക്കല്‍ ചര്‍ച്ച ചെയ്ത വിഷയമാണിത്. കോടതി നാളെ പരിഗണിക്കാനിരിക്കുന്ന കേസായതിനാല്‍ സഭയിലെ ചര്‍ച്ച നല്ലതാകില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. സര്‍ക്കാരിന് നാണക്കേട് ഉണ്ടാക്കിയ കാര്യമാണിതെന്നും പിഴയടച്ച കാര്യം പരാമര്‍ശിക്കുന്നതില്‍ തെറ്റില്ലെന്നുമായിരുന്നു കെ. മുരളീധരന്‍ വീണ്ടും വ്യക്തമാക്കിയത്. അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ തളളി. സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞിട്ടില്ല.
സര്‍ക്കാരിന് കോടതി പിഴ വിധിച്ചിട്ടുമില്ല. തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് പ്രതിപക്ഷം സഭയില്‍ പരാമര്‍ശിക്കുന്നത്. സെന്‍കുമാര്‍ കേസില്‍ നിയമസാധുത ആരായുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. തുടര്‍ന്ന് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശ പ്രകാരവുമായിരുന്നു.
25000 രൂപ അടച്ചത് സുപ്രീംകോടതിയുടെ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലാണ്. ബാലനീതി വകുപ്പിന്റെ നിയമനടപടികള്‍ക്കാണ് ഇത് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ പട്ടയം വ്യാജമാണെന്ന റവന്യുമന്ത്രിയുടെ പ്രസ്താവനയില്‍ പ്രത്യേക ചര്‍ച്ച വേണമെന്നും പ്രതിപക്ഷം രാവിലെ ആവശ്യപ്പെട്ടു. അന്‍വര്‍ സാദത്ത് എംഎല്‍എയാണ് ചട്ടം 49 അനുസരിച്ച് പ്രത്യേക ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.