തിരുവനന്തപുരം: ബിജെപി എംഎല്‍എ ഒ. രാജഗോപാലിന്റെ നേമത്തെ ഓഫീസിനുനേരെ ആക്രമണം. ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും ജനല്‍ ചില്ലുകളും കല്ലേറിഞ്ഞു തകര്‍ത്ത നിലയിലാണ്. ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു ആക്രമണം നടന്നത്.
രാത്രി 12 മണിവരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഓഫിസില്‍ ഉണ്ടായിരുന്നു. അതിനു ശേഷമാണ് ആക്രമണം നടന്നത്. സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും തെളിവെടുത്തു. ആക്രമണത്തിനു പിന്നില്‍ സിപിഐഎമ്മാണ് എന്ന് ബിജെപി ആരോപിക്കുന്നുണ്ടെങ്കിലും സംഭവത്തിന് കാരണം വാടകയുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നാണ് കരമന പൊലീസ് പറയുന്നത്. എംഎല്‍എയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ താമസിക്കുന്ന ഒരാളുമായുള്ള വാടക തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലിസ് പറയുന്നത്. വാഹനങ്ങളിലും കെട്ടിടത്തിലും വടിവാളുകൊണ്ട് വെട്ടിയ പാടുകള്‍ ഉണ്ടെന്ന് ബിജെപി പ്രവര്‍ത്തകരും ആരോപിച്ചു.
രാവിലെ എട്ടു മണിയോടെ രാജഗോപാല്‍ പാര്‍ട്ടി ഓഫീസ് സന്ദര്‍ശിച്ചു. സിപിഐഎമ്മുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് രാജഗോപാല്‍ ആരോപിച്ചു. വാഹനങ്ങളിലും കെട്ടിടത്തിലും വടിവാളുകൊണ്ട് വെട്ടിയ പാടുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു തന്നെ പാപ്പനംകോട് ഭാഗത്ത് സിപിഐഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ബിജെപിയുടെ സംസ്ഥാന ഓഫിസിനുനേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്.