മന്ത്രി മണിയുടെ വിവാദ പ്രസ്താവനയില്‍ പൊലീസ് മൊഴിയെടുപ്പ്; അന്വേഷണ ചുമതല രാജക്കാട് എസ്ഐക്ക്; കോടതി വിമര്‍ശനത്തില്‍ ഒന്നും പറയാനില്ലെന്ന് മണി

മൂന്നാര്‍: വൈദ്യുത മന്ത്രി എംഎം മണിയുടെ വിവാദ പ്രസ്താവനയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രാജാക്കാട് എസ്ഐക്കാണ് അന്വേഷണ ചുമതല. പ്രസംഗം കേട്ടവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മന്ത്രി മണിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. പ്രസംഗത്തിന്റെ സിഡി പൊലീസ് പരിശോധിച്ചു.
ഹൈക്കോടതി ഗൗരവകരമാണ് മന്ത്രിയുടെ പരാമര്‍ശങ്ങളെന്നും സംസ്ഥാനത്തെ പൊലീസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്നും ചോദിച്ചിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ഒന്നും പറയാനില്ലെന്നാണ് മണി പ്രതികരിച്ചത്. ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ട സ്ഥിതിക്ക് കോടതിയുടെ പരിഗണനയിലുള്ള വിഷയത്തെ കുറിച്ച് ഒന്നും പറയാനില്ലെന്നും കോടതിയലക്ഷ്യത്തിനില്ലെന്നും മണി പറഞ്ഞു.
പെമ്പിളൈ ഒരുമയ്ക്ക് വിഷയവുമായി യാതൊരു ബന്ധവും ഇല്ല. കടലും കടലാടിയും പോലെയാണ് ഇതെന്നും മന്ത്രി മണി പറഞ്ഞു.

വൈദ്യുത മന്ത്രി എംഎം മണിയുടെ പ്രസംഗം ഗൗരവകരമെന്നും കേരളത്തില്‍ എന്താണ് നടക്കുന്നതെന്നും പൊലീസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. മണിയുടെ പ്രസംഗം സ്ത്രീകളെ അപമാനിക്കുന്നതല്ലെന്നും സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ഒരു പരാമര്‍ശവും മണി നടത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്തെങ്കിലും തരത്തിലുള്ള പരാമര്‍ശം മന്ത്രി നടത്തിയിട്ടുണ്ടെങ്കില്‍ അത് മാധ്യമപ്രവര്‍ത്തകരെ കുറിച്ചാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ കുറിച്ച് എന്തും പറയാമെന്നാണോ എന്നാണ് ഹൈക്കോടതി മറുചോദ്യം ഉന്നയിച്ചത്. മാധ്യമ പ്രവര്‍ത്തകരും മനുഷ്യരാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കും പൗരാവകാശം ഉണ്ടെന്ന് മറക്കരുതെന്നും ഹൈക്കോടതി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.

© 2024 Live Kerala News. All Rights Reserved.