ബിജെപി കോര്‍കമ്മിറ്റിയിലും ഭാരവാഹി യോഗത്തിലും കുമ്മനത്തിനെതിരെ വിമര്‍ശനങ്ങള്‍; വെളളാപ്പളളി വോട്ടുകുറച്ചെന്ന കണ്ടെത്തലുമായി കുമ്മനം

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ കഴിയാത്തതിന് പിന്നാലെ ബിജെപിക്കുളളില്‍ കലഹം. പാലക്കാട് ഇന്നലെ ചേര്‍ന്ന ദ്വിദിന നേതൃയോഗത്തിലെ കോര്‍കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ യോഗത്തില്‍ പൊട്ടിത്തെറിച്ചെന്നാണ് വിവരങ്ങള്‍.
തോല്‍വിയുടെ മുഴുവന്‍ കാരണവും തന്റെ തലയില്‍ കെട്ടിവെയ്ക്കേണ്ടെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്റെ പ്രസ്താവനകളാണ് ബിജെപിക്ക് തിരിച്ചടിയായതെന്നും കുമ്മനം വിശദീകരിച്ചതായാണ് അറിയാന്‍ കഴിയുന്നത്. വെളളാപ്പളളി എതിരായി പറഞ്ഞതോടെ ബിജെപിക്ക് കിട്ടേണ്ട വോട്ടുകള്‍ സിപിഐഎമ്മിന് പോയി, സ്ഥാനാര്‍ത്ഥി അപരിചിതനായിരുന്നില്ലെന്നും കുമ്മനം മറുപടി നല്‍കി.

കോര്‍കമ്മിറ്റിയില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനങ്ങള്‍
1. താഴെത്തട്ടില്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപിച്ചില്ല.
2. പഞ്ചായത്ത് തല കമ്മിറ്റികള്‍ രൂപീകരിച്ചില്ല.
3. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര ഫണ്ട് അനുവദിച്ചില്ല.
4. മണ്ഡലത്തെക്കുറിച്ച് പഠിച്ചില്ല.
5. മുതിര്‍ന്ന നേതാക്കളെ പ്രചാരണ ചുമതല ഏല്‍പ്പിക്കാതെ വീഴ്ച വരുത്തി.
6. ഒന്നേകാല്‍ ലക്ഷം വോട്ടുകിട്ടും, രണ്ടു കിട്ടിയാലും അദ്ഭുതപ്പെടാനില്ല എന്ന് ദേശീയനേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചു.
7. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും സംസ്ഥാന അധ്യക്ഷന്‍ ഏകപക്ഷീയമായ തീരുമാനം എടുത്തു.
8. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല ഏകോപിപ്പിക്കേണ്ട നേതാക്കളിലൊരാള്‍ പാലക്കാട്ടെ വിവാദ വ്യവസായിയുടെ മലപ്പുറത്തെ ഹോട്ടലില്‍ താമസിച്ചു.
9.ബീഫിനെച്ചൊല്ലി അനവസരത്തിലുണ്ടായ വിവാദം.
ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍ ഉള്‍പ്പെട്ടതാണ് കോര്‍കമ്മിറ്റി യോഗം. ഇതിന് പിന്നാലെയാണ് സംസ്ഥാന ഭാരവാഹികളുടെ യോഗം ചേര്‍ന്നത്. ഇതിലും സമാന വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഒ. രാജഗോപാല്‍ എംഎല്‍എ, സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍, പട്ടികജാതിമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ബി.സുധീര്‍, സംസ്ഥാന സെക്രട്ടറി വി.കെ സജീവന്‍ എന്നിവര്‍ പരാജയത്തിലേക്ക് നയിച്ച കാരണങ്ങള്‍ ചൂണ്ടിക്കാട്ടി. ആകെയുളള 1,179 ബൂത്തുകളില്‍ 600ല്‍ മാത്രമെ കാര്യമായ സംഘടനാശേഷി ഉണ്ടായിരുന്നുളളുവെന്നും ഇതില്‍ മുന്‍പ്രകടനം ആവര്‍ത്തിക്കുവാന്‍ കഴിഞ്ഞുവെന്നും തുടര്‍ന്ന് നേതാക്കള്‍ വിശദീകരിച്ചു.

© 2024 Live Kerala News. All Rights Reserved.