മരണാസന്നനായ കൊച്ചുമകനെ കാണണം; ദമ്പതികള്‍ക്കായി തിരിച്ചിറങ്ങി; എത്തിഹാദിന്റെ മനുഷ്യത്വത്തിന് കയ്യടിച്ച് ലോകം

മനുഷ്യത്വമാണ് എന്തിനേക്കാളും വലുത്, ആ സന്ദേശം പ്രവൃത്തിയിലൂടെ കാണിച്ച എത്തിഹാദ് എയര്‍ലൈന്‍സിന് കയ്യടിക്കുകയാണ് ലോകമിപ്പോള്‍. മരണാസന്നനായ കൊച്ചുമകനെ അവസാനമായി ഒരു നോക്കു കാണാന്‍, വൃദ്ധ ദമ്പതികള്‍ക്കായി ടേക്ക് ഓഫിനൊരുങ്ങിയ വിമാനം തിരിച്ചിറക്കി. മാര്‍ച്ച് 30നാണ് സംഭവം. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ നിന്നും അബുദാബി വഴി ഓസ്ട്രേലിയയിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്.

വിമാനത്തില്‍ കയറിയപ്പോള്‍ മാത്രമാണ് കൊച്ചുമകന്റെ ആരോഗ്യനിലയെ കുറിച്ച് ദമ്പതിമാര്‍ അറിയുന്നത്. നെറ്റ് ഓഫ് ആക്കാന്‍ ഒരുങ്ങുമ്പോള്‍ ഫോണില്‍ മരുമകന്റെ മിസ്ഡ് കോള്‍. അതിനൊപ്പം ഒരു സന്ദേശവും. ‘പേരക്കുട്ടി മരണാസന്ന നിലയിലാണ്’. അപ്പോഴേക്കും വിമാനം ടേക്ക് ഓഫിന് ഒരുങ്ങിയിരുന്നു. പേരക്കുട്ടിയെ അവസാനമായി കാണാന്‍ തിരിച്ചിറക്കണമെന്ന് ദമ്പതിമാര്‍ നിറമിഴികളോടെ ആവശ്യപ്പെട്ടപ്പോള്‍ അത് ചെവികൊള്ളാതിരിക്കാന്‍ പൈലറ്റിനും സഹപ്രവര്‍ത്തകര്‍ക്കും ആയില്ല. എയര്‍പോര്‍ട്ട് അധികൃതരുമായി സംസാരിച്ച് വിമാനം ബോര്‍ഡിങ് ഗേറ്റിലേക്ക് തിരിച്ചെത്തിച്ചു. ഇതിനിടെ ദമ്പതിമാരെ എത്രയും വേഗം പേരകുട്ടിയുടെ അടുത്തേക്ക് എത്തിക്കാനായി ഒരു കാറും എയര്‍ലൈന്‍ സ്റ്റാഫ് എയര്‍പോര്‍ട്ടില്‍ തയ്യാറാക്കി നിര്‍ത്തി.

ദുഖകരമെന്ന് പറയട്ടെ അവരുടെ പേരക്കുട്ടി മാര്‍ച്ച് 31ന് ആശുപത്രി കിടക്കയില്‍ എന്നന്നേക്കുമായി വിടപറഞ്ഞു.

© 2024 Live Kerala News. All Rights Reserved.