കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്‍കാന്‍ നോക്കി; ശശികലയുടെ അനന്തരവനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു

ചെന്നൈ: അണ്ണാഡിഎംകെ ചിഹ്നത്തിന് വേണ്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച ചിന്നമ്മ ശശികലയുടെ അനന്തരവന്‍ ടിടിവി ദിനകരനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. അഴിമതിക്കും ഗൂഢാലോചനയ്ക്കുമാണ് ആര്‍കെ നഗറിലെ അണ്ണാഡിഎംകെ അമ്മ സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ദിനകരനെതിരെയുള്ള കേസ്. അണ്ണാഡിഎംകെയുടെ ചിഹ്നവും പേരും മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയില്‍ തന്റെ പക്ഷത്തിന് ചിഹ്നം അനുവദിച്ച് കിട്ടാന്‍ കോഴ നല്‍കാനുള്ള ശ്രമത്തിലാണ് തിരിച്ചടി കിട്ടിയത്. ഒരു കോടി രൂപയുമായി ഡല്‍ഹിയില്‍ ചന്ദ്രശേഖറെന്ന ദിനകരന്റെ അനുയായി പിടിയിലായതോടെയാണ് കോഴ കൊടുക്കാനുള്ള ശ്രമം പൊലീസ് കയ്യോടെ കണ്ടെത്തിയത്.

നേരത്തെ വോട്ടര്‍മാര്‍ക്ക് പണം കൊടുത്ത് വോട്ട് പിടിക്കാനുള്ള ശ്രമം ശശികല പക്ഷം നടത്തിയതോടെ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദ് ചെയ്തിരുന്നു.

അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്നം അനുവദിച്ച് കിട്ടാനാണ് ഒരു കോടി രൂപ കൈക്കൂലിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ കാണാനെത്തിയതെന്ന് 24 വയസുകാരനായ ചന്ദ്രശേഖര്‍ പൊലീസിനോട് വ്യക്തമാക്കിയതോടെയാണ് ഗൂഢാലോചന കുറ്റം ചുമത്തി ദിനകരനെതിരെ പൊലീസ് കേസെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിച്ച് രണ്ടില ചിഹ്നം നേടിത്തന്നാല്‍ തനിക്ക് 50 കോടിരൂപയാണ് പ്രതിഫലമായി ദിനകരന്‍ വാഗ്ദാനം ചെയ്തതെന്ന് ചന്ദ്രശഖര്‍ മൊഴി നല്‍കി.

അണ്ണാഡിഎംകെ ചിഹ്നത്തിനായി ശശികല പക്ഷവും ഒപിഎസ് പക്ഷവും രംഗത്തെത്തിയതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരുകൂട്ടര്‍ക്കും ചിഹ്നവും പേരും ഉപയോഗിക്കാന്‍ അനുമതി നല്‍കാതെ ഇവ മരവിപ്പിച്ചത്.

വികെ ശശികലയുടെ അനന്തരവന്‍ ദിനകരനെതിരെ എഐഎഡിഎംകെ (അമ്മ) പാര്‍ട്ടിയിലെ ഒരുവിഭാഗം മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. പാര്‍ട്ടി ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും ടിടിവി ദിനകരനെ പുറത്താക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശശികലയുടെ പാര്‍ട്ടി പണമിറക്കിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിയതോടെയാണ് ദിനകരനെതിരായ പാളയത്തിലെ പടയൊരുക്കം തുടങ്ങിയത്. കേസ് കൂടി രജിസ്റ്റര്‍ ചെയ്തതോടെ പ്രതിഷേധം ഇരട്ടിയാകും.

© 2024 Live Kerala News. All Rights Reserved.