കൂട്ടക്കൊലയ്ക്ക് പിന്നിലെ കാരണം അച്ഛന്റെ സ്വഭാവദൂഷ്യമെന്ന് കാഡല്‍; വീണ്ടും മൊഴിമാറ്റം; നന്തന്‍കോട് വീട്ടിലെത്തിച്ച് തെളിവെടുത്തു

തിരുവനന്തപുരം: കൂട്ടക്കൊലയ്ക്ക് പിന്നിലെ കാരണം അച്ഛന്റെ സ്വഭാവദൂഷ്യമെന്ന് കാഡലിന്റെ പുതിയ മൊഴി. മദ്യലഹരിയില്‍ സ്ത്രീകളോട് ഫോണില്‍ അശ്ലീലം പറയുന്നതാണ് പിതാവിനോടുള്ള വൈരാഗ്യത്തിനു കാരണമെന്നും നന്തന്‍കോട് കൂട്ടക്കൊലകേസിലെ പ്രതി കാഡല്‍ ജീന്‍സണ്‍ രാജ പറഞ്ഞു. അമ്മയോട് ഇതു തടയണമെന്ന് ആവശ്യപ്പെട്ടെങ്കിലും വകവെച്ചില്ല. ഇതേ തുടര്‍ന്നാണ് കൊലനടത്തിയതെന്നും കാഡല്‍ പറഞ്ഞു. അച്ഛനും അമ്മയും മരിച്ചുകഴിഞ്ഞാല്‍ സഹോദരിയും അന്ധയായ കുഞ്ഞമ്മയും ഒറ്റക്കാവുമെന്നതിനാല്‍ അവരേയും കൊന്നുവെന്നാണ് കാഡല്‍ പറഞ്ഞത്. പ്രതിയെ നന്തന്‍കോട് വീട്ടിലെത്തിച്ച് തെളിവെടുത്തു.

ചോദ്യം ചെയ്യലില്‍ സാത്താന്‍ സേവയും ആസ്ട്രല്‍ പ്രൊജക്ഷനുമെല്ലാം കൊലപാതക കാരണങ്ങളായി ആദ്യം മൊഴിനല്‍കിയ പ്രതി പിന്നീട് മൊഴികള്‍ മാറ്റുകയായിരുന്നു. ചോദ്യം ചെയ്യലിനിടയില്‍ ആദ്യമായി കാഡല്‍ വികാരാധീനനായി കരഞ്ഞതായും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഏപ്രില്‍ രണ്ടിന് കൊല നടത്താന്‍ തീരുമാനിച്ചെങ്കിലും കൈവിറച്ചതിനാല്‍ നടന്നില്ലെന്നും പ്രതി മൊഴി നല്‍കി.

കൊല്ലുന്ന രീതികള്‍ ഇന്റര്‍നെറ്റില്‍ കണ്ടാണ് കൊല ആസൂത്രണം ചെയ്തത്. ഡമ്മിയുണ്ടാക്കി പരിശീലിക്കുകയും ചെയ്‌തെന്നും കാഡല്‍ പറഞ്ഞു. അധികം സുഹൃത്തുക്കളില്ലാത്ത വീടിനുളളില്‍ തന്നെ കഴിഞ്ഞുകൂടാന്‍ ആഗ്രഹിക്കുന്ന അന്തര്‍മുഖനായ യുവാവായിരുന്നു കാഡല്‍. കാറും ബൈക്കുമൊന്നും ഓടിക്കാനറിയാത്ത കാഡലിന്റെ പ്രധാന വിനോദം യുദ്ധം പ്രമേയമായ വീഡിയോ ഗെയിമുകള്‍ ഉണ്ടാക്കുകയായിരുന്നു. കാഡല്‍ നല്‍കിയ ആസ്ട്രല്‍ പ്രൊജക്ഷന്‍ മൊഴി ആദ്യം തന്നെ കണക്കിലെടുക്കാതിരുന്ന പൊലീസ് മനശാസ്ത്ര വിദഗ്ധരുടെ സാന്നിധ്യത്തിലാണ് ഇയാളെ വിശദമായി ചോദ്യം ചെയ്തത്.

പല ചോദ്യങ്ങള്‍ക്കും പരസ്പര വിരുദ്ധമായാണ് ഇയാള്‍ മൊഴി നല്‍കിയത്. പിന്നീട് വീട്ടുജോലിക്കാരുടെയും അയല്‍വാസികളുടെയും മൊഴിയെടുത്തപ്പോള്‍ കാഡല്‍ പറഞ്ഞതില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ് പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് അന്വേഷണ സംഘം വീണ്ടും നടത്തിയ ചോദ്യം ചെയ്യലില്‍ കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ കാഡല്‍ ജീന്‍സണ്‍ രാജ വ്യക്തമാക്കി. ബുധനാഴ്ചയാണ് മൂന്നുപേരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് അനുമാനം.

മൃതദേഹങ്ങള്‍ സ്വന്തം മുറിയിലെ കുളിമുറിയില്‍ ഇട്ട് കത്തിച്ചെന്ന കാര്യം കാഡല്‍ സമ്മതിച്ചു. മനസിനെ ശരീരത്തില്‍ നിന്നും വേര്‍പെടുത്തി മറ്റൊരു ലോകത്ത് എത്തിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷനാണ് താന്‍ നടത്തിയതെന്നാണ് ഇയാളുടെ ആദ്യ മൊഴി. എന്തിനാണ് ഈ കൊലപാതകങ്ങള്‍ താന്‍ നടത്തിയതെന്ന് പൊലീസിനോട് ചോദിച്ച് ഉത്തരം കണ്ടെത്താനാണ് ചെന്നൈയില്‍ നിന്നും വന്നതെന്നാണ് മറ്റൊരു മൊഴി.

2017 ഏപ്രില്‍ ഒമ്പതിന് പുലര്‍ച്ചെയാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം(60), ഭാര്യ ഡോ.ജീന്‍ പത്മ, മകള്‍ കരോലിന്‍(26), ജീനിന്റെ ബന്ധു ലളിത(70) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലും മറ്റുളളവരുടേത് കത്തിക്കരിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്.

© 2024 Live Kerala News. All Rights Reserved.