കൊച്ചി: ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍ കെണി വിവാദത്തെ തുടര്‍ന്ന് അറസ്റ്റിലായവരില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ജാമ്യം . കേസിലെ ഒന്നും രണ്ടും പ്രതികളായ മംഗളം ചാനല്‍ സിഇഒ അജിത്കൂമാര്‍, റിപ്പോര്‍ട്ടര്‍ അജിത് കുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിക്കാത്തത്. ആറു മുതല്‍ ഒമ്പത് വരെയുളള പ്രതികള്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
എകെ ശശീന്ദ്രനെ ഫോണ്‍ സംഭാഷണത്തില്‍ കുടുക്കിയ സംഭവത്തില്‍ മംഗളം ചാനല്‍ കുറ്റകരമായ ഗൂഡോലോചന നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ലൈംഗികച്ചുവയുള്ള സംഭാഷണം ചാനലില്‍ സംപ്രേഷണം ചെയ്തു. മന്ത്രിയെ അപമാനിക്കാനായി ഫോണ്‍ സംഭാഷണം പരസ്യപ്പെടുത്തി. ലൈംഗികച്ചുവയുള്ള ഫോണ്‍ റെക്കോഡിങ്ങ് ഫെയ്‌സ്ബുക്ക് വഴി പരസ്യപ്പെടുത്തിയതിനും മംഗളം ചാനലിനെതിരെ കേസുണ്ട്.
എ.കെ ശശീന്ദ്രനുമായി ബന്ധപ്പെട്ട് മംഗളം ടെലിവിഷന്‍ പുറത്തുവിട്ട സംഭവങ്ങള്‍ അന്വേഷിക്കാന്‍ ആറംഗ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു.ഹൈടെക് സെല്‍ ഡിവൈഎസ്പി ബിജുമോനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഐ.ജി. ദിനേന്ദ്ര കശ്യപ് മേല്‍നോട്ടം വഹിക്കും. പാലക്കാട് എസ്.പി പ്രതിഷ്, കോട്ടയം എസ്.പി എന്‍. രാമചന്ദ്രന്‍, െ്രെകംബ്രാഞ്ച് ഡിവൈ എസ്.പി. ഷാനവാസ്, സബ് ഇന്‍സ്‌പെക്ടര്‍ സുധാകുമാരി എന്നിവരാണ് സംഘത്തിലുള്ളത്.
മംഗളം ചാനല്‍ ലോഞ്ചിനോട് അനുബന്ധിച്ച് പുറത്തുവിട്ട വാര്‍ത്തയെത്തുടര്‍ന്ന് ഗതാഗതമന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ രാജി വെയ്‌ക്കേണ്ടി വന്നിരുന്നു. മന്ത്രിയുടെ അടുക്കല്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തിയ വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതിന്റെ റെക്കോഡിങ്ങ് എന്ന് അവകാശപ്പെട്ടായിരുന്നു ചാനല്‍ വാര്‍ത്ത പുറത്തുവിട്ടത്. വാര്‍ത്ത ഹണി ട്രാപ്പിലൂടെ സൃഷ്ടിച്ചെടുത്തതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ചനലിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഫോണ്‍ സംഭാഷണം ഹണി ട്രാപ്പിലൂടെ സൃഷ്ടിച്ചതല്ലെന്നാണ് ചാനല്‍ സിഇഒ അജിത്ത് കുമാര്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നത്. പരാതിക്കാരി സമയമാകുമ്പോള്‍ പുറത്തുവരും. ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും സിഇഒ പറഞ്ഞിരുന്നു. 30ാം തീയതി രാത്രിയോടെ മംഗളത്തിലെ മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ചാണ് ഫോണ്‍ സംഭാഷണം ശേഖരിച്ചതെന്ന് അജിത്ത് കുമാര്‍ കുറ്റസമ്മതം നടത്തിയിരുന്നു.