ന്യൂഡല്‍ഹി: മുത്തലാഖ് ഒഴിവാക്കുമെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് വൈസ് പ്രസിഡന്റ് ഡോക്ടര്‍ സയീദ് സാദിഖ്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമില്ലെന്നും മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്ന രീതി ഉടന്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ഒഴിവാക്കുമെന്നും ഡോ. സയ്യീദ് വ്യക്തമാക്കി. ഒന്നരവര്‍ഷത്തിനകം മുത്തലാഖ് ഒഴിവാക്കാനാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് തീരുമാനം.
മുത്തലാഖിനോട് എതിര്‍പ്പില്ലെന്ന് 3.50 കോടി മുസ്ലിം സ്ത്രീകള്‍ പറഞ്ഞെന്ന് കുറിപ്പിറക്കിയതിന് തൊട്ടു പിന്നാലെയാണ് തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന രീതി ഒഴിവാക്കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അറിയിച്ചത്.
മുത്തലാഖ് നിരോധിക്കുന്നത് ഖുറാന്‍ തിരുത്തിയെഴുതുന്നതിന് തുല്യമാണെന്ന് നേരത്തെ സുപ്രിം കോടതിയില്‍ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന് വേണ്ടി വാദിച്ച വക്കീല്‍ പറഞ്ഞിരുന്നു. ഭരണഘടനയുടെ പരിധിയില്‍ നിന്ന് മുഹമ്മദീയന്‍ നിയമങ്ങള്‍ വിലയിരുത്തരുതെന്നും സുപ്രിം കോടതിയോട് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.
മുത്തലാഖ് ഭരണഘടനാ പ്രശ്‌നമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാടറിയിച്ചിരുന്നു. മൗലികാവകാശ ലംഘനമാണെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ വിഷയത്തിലെ നിലപാട്. 20 മുസ്ലിം രാജ്യങ്ങളില്‍ പോലും മുത്തലാഖ് നിരോധിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിലറിയിക്കുകയും ചെയ്തു.
ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരി മുത്തലാഖിനെതിരെ രംഗത്ത് വന്നിരുന്നു. മുന്നു തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്താമെന്ന് നിയമം ഖുറാനില്ലെന്നാണ് അവര്‍ പറഞ്ഞത്. വിഷയത്തില്‍ ഇസ്ലാമിക്ക് പണ്ഡിതന്മാരെ മാത്രം ആശ്രയിക്കാതെ സ്ത്രീകള്‍ ഖുറാന്‍ വായിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.