ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ട് പിടിക്കാന്‍ ശശികല പക്ഷം 89 കോടിരൂപ ഒഴുക്കിയെന്ന് കണ്ടെത്തിയതോടെയാണ് ഏപ്രില്‍ 12 ബുധനാഴ്ച നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപേക്ഷിച്ചത്. വോട്ടര്‍മാര്‍ക്ക് പണവും സമ്മാനങ്ങളുമെല്ലാമായി 89 കോടി രൂപയുടെ പദ്ധതിയാണ് അണ്ണാഡിഎംകെ ഔദ്യോഗികപക്ഷമെന്ന് അവകാശപ്പെടുന്ന സംസ്ഥാന ഭരണം കയ്യാളുന്ന ശശികല പക്ഷം തയ്യാറാക്കിയതെന്ന് ആരോഗ്യമന്ത്രി സി വിജയ് ഭാസ്‌കറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്ന് വ്യക്തമായിരുന്നു. ഇതോടെ തെരഞ്ഞെടുപ്പ് റദ്ദാക്കി അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ശശികലയ്‌ക്കെതിരെ കൂടുതല്‍ നടപടികളെടുക്കാനാണ് കമ്മീഷന്റെ തീരുമാനം.
അണ്ണാഡിഎംകെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി ശശികലയെ നിയമിച്ച നടപടി പരിശോധിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഒ പനീര്‍ശെല്‍വം ശക്തമായി ചിന്നമ്മയുടെ പദവിയില്‍ ചോദ്യം ഉയര്‍ത്തിയത് അടിയന്തരപ്രാധാന്യത്തോടെ പരിഗണിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ശശികലയുടെ സഹോദരന്‍ ടിടിവി ദിനകരനാണ് ആര്‍കെ നഗറിലെ ചിന്നമ്മ പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി.
കാശുനല്‍കി വോട്ട് പിടുത്തത്തിന് ഇറങ്ങിയവര്‍ക്കെതിരെ കര്‍ശന നടപടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടാവുക. ഫോണ്‍ റീചാര്‍ജ്, പത്ര മാസിക വരി, പാല്‍ മുന്‍കൂര്‍ വരിപണം, എന്നിങ്ങനേയും മൊബൈല്‍ വാലറ്റ് വഴിയുമാണ് പണം വോട്ടര്‍മാര്‍ക്ക് നല്‍കിയത്. സാരിയും വിളക്കും തൊപ്പികളുമെല്ലാം വിതരണം ചെയ്തു,
ഉപതെരഞ്ഞെടുപ്പ് മൂന്ന് മാസത്തിന് ശേഷം നടത്താനുള്ള തീരുമാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് തീയ്യതിയും പിന്നീട് പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് തീരുമാനം.