വോട്ടിന് കോഴ; വിവരങ്ങള്‍ തെളിവ് സഹിതം പുറത്ത്; ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കും?

ചെന്നൈ: വോട്ടിന് കോഴ നല്‍കിയെന്ന ആരോപണം ആദായനികുതി വകുപ്പ് ശരിവെച്ചതിനെത്തുടര്‍ന്ന് ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് മാറ്റവെയ്ക്കാന്‍ സാധ്യത. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ച്ച തീരുമാനം അറിയിക്കും. വോട്ടര്‍മാര്‍ക്ക് ശശികലയുടെ പാര്‍ട്ടി 89 കോടി രൂപ വിതരണം ചെയ്തതിന്റെ രേഖകള്‍ ആദായവകുപ്പ് അധികൃതര്‍ പിടിച്ചെടുത്തിരുന്നു. വെള്ളിയാഴ്ച്ച തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിലായാണ് റെയ്ഡ് നടത്തിയത്.

സംസ്ഥാന ആരോഗ്യമന്ത്രി സി വിജയ്ഭാസ്‌ക്കര്‍, നടന്‍ ശരത് കുമാര്‍ എന്നിവരുടെ വസതികള്‍ ഉള്‍പ്പെടെ 35 ഇടങ്ങളിലായിരുന്നു റെയ്ഡ്. ആര്‍കെ നഗര്‍ മണ്ഡലത്തെ 256 ഭാഗങ്ങളായി വിഭജിച്ചായിരുന്നു വോട്ടര്‍മാര്‍ക്ക് കോഴ നല്‍കാനുള്ള പദ്ധതിയെന്ന് പിടിച്ചെടുത്ത രേഖകളില്‍ നിന്നും വ്യക്തമാകുന്നു. 2.6 ലക്ഷം വോട്ടര്‍മാരുണ്ട് മണ്ഡലത്തില്‍. ഇവരില്‍ 86 ശതമാനം പേരേയും പണം നല്‍കി സ്വാധീനിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി പാര്‍ട്ടി 89.65 കോടി മാറ്റിവെച്ചു. ഓരോ വോട്ടര്‍ക്കും നാലായിരം രൂപ.

മുഖ്യമന്ത്രി എടപാടി പളനിസ്വാമി, വനംമന്ത്രി ദിണ്ടിഗല്‍ ശ്രീനിവാസന്‍, ധനമന്ത്രി ജയകുമാര്‍ തുടങ്ങിയ ഏഴ് മുതിര്‍ന്ന നേതാക്കള്‍ക്കായിരുന്നു പണവിതരണത്തിന്റെ ചുമതല. 33,000 വോട്ടര്‍മാര്‍ക്ക് 13.27 കോടി രൂപ നല്‍കാനുള്ള ചുമതല പളനിസ്വാമിയ്ക്കും. റെയ്ഡിലെ തങ്ങളുടെ കണ്ടെത്തലുകള്‍ ആദായ നികുതി വകുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനെ ധരിപ്പിച്ചു.

ആരോഗ്യമന്ത്രിയുടെ വീട്ടില്‍ നിന്നും രണ്ട് ലക്ഷം രൂപ പിടിച്ചെടുത്തുവെന്ന് വെള്ളിയാഴ്ച്ച ആദായനികുതി വകുപ്പ് അധികൃതര്‍ പറഞ്ഞിരുന്നു. മന്ത്രിയുടേയും അദ്ദേഹത്തിന്റെ അനുയായികളില്‍ നിന്നും മൊത്തം അഞ്ച് കോടിയോളം രൂപ പിടിച്ചെടുത്തു.
ഏപ്രില്‍ പന്ത്രണ്ടിനാണ് ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്. വികെ ശശികല വിഭാഗത്തിന് വേണ്ടി ശശികലയുടെ ബന്ധുവും എഐഎഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടിടിവി ദിനകരനാണ് ആര്‍കെ നഗറില്‍ മല്‍സരിക്കുന്നത്. ഒ പനീര്‍ശെല്‍വം ക്യാമ്പില്‍ നിന്നും മത്സരിക്കുന്നത് ഇ മധുസൂദനനും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ജയലളിതയുടെ അനന്തരവള്‍ ദീപാ ജയകുമാറും മല്‍സരത്തിന് തയ്യാറെടുക്കുന്നുണ്ട്.

അണ്ണാഡിഎംകെയുടെ ചിഹ്നമായ രണ്ടില തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചതോടെ ഒ പനീര്‍ശെല്‍വത്തിനും ശശികല ക്യാമ്പിനും വേറെ തെരഞ്ഞെടുപ്പ് ചിഹ്നമാണ് അനുവദിച്ചിരുന്നത്. തൊപ്പിയാണ് ശശികല പക്ഷത്തിന്റെ പാര്‍ട്ടി ചിഹ്നം. ഒപിഎസ് പക്ഷത്തിന്റെ ചിഹ്നം വൈദ്യുത പോസ്റ്റും. അണ്ണാഡിഎംകെ അമ്മ എന്നാണ് ചിന്നമ്മയുടെ പാര്‍ട്ടിയുടെ പേര്. ഒപിഎസ്സിന്റെ പാര്‍ട്ടിയുടെ പേര് അണ്ണാഡിഎംകെ പുരട്ചി തലൈവിയെന്നും.

© 2024 Live Kerala News. All Rights Reserved.