തിരുവനന്തപുരം: നന്തന്‍കോട് ക്ലിഫ് ഹൗസിന് സമീപമുള്ള വീടിനുള്ളില്‍ കൊല്ലപ്പെട്ടത് നാല് പേരെന്ന് സ്ഥിരീകരണം. മൂന്ന് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരാളുടെ ചാക്കില്‍ക്കെട്ടിയ നിലയിലുമാണ്. ഡോണ്‍. ജീന്‍ പദ്മ, ഭര്‍ത്താവ് പ്രൊഫ.രാജ് തങ്കം ഇവരുടെ മകള്‍ കരോളിന്‍ ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്.
മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വീടിന് സമീപത്ത് നിന്നും മഴുവും വെട്ടുകത്തിയും അടക്കമുള്ള ആയുധങ്ങള്‍ കണ്ടെത്തി. അര്‍ധരാത്രിയോടെ വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും അഗ്‌നിശമനാസേനയും തീകെടുത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മരിച്ച ദമ്പതികളുടെ മകന്‍ കേദലിനെ കാണാതായിട്ടുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ നടത്തുകയാണ് പൊലീസ്. രണ്ട് ദിവസമായി ഡോക്ടറുടെ മകന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. മൂന്ന് ദിവസമായി പ്രൊഫ. രാജ് തങ്കത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ബന്ധുക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല. ചെന്നൈയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയായ ദമ്പതികളുടെ മകള്‍ കരോളിന്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.