നിയമവിരുദ്ധമായി ഹരിയാനയില്‍ ഭൂമി നേടി?; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയേയും രാഹുലിനേയും സിബിഐ ചോദ്യം ചെയ്‌തേക്കും

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഹരിയാനയിലെ ഭൂമി സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ. ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ പബ്ലിഷിംഗ് കമ്പനിക്കായി നിയമവിരുദ്ധമായി ഭൂമി അനുവദിച്ചുവെന്നാണ് ആക്ഷേപം. ഇരുവരുടേയും നിയന്ത്രണത്തിലായിരുന്ന കമ്പനിയുടെ ഭൂമി സംബന്ധിച്ച് ചോദ്യം ചെയ്യാന്‍ ഗാന്ധി കുടുംബത്തെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സിബിഐ.

ഭൂമി സംബന്ധിച്ച പേപ്പറുകളും ബാധ്യതകളും പരിശോധിച്ച ശേഷം മാത്രമേ ചോദ്യം ചെയ്യലില്‍ തീരുമാനമെടുക്കൂ എന്നാണ് സിബിഐ ഉദ്യോഗസ്ഥര്‍ പറയുന്നത്.

2005ല്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ബിഎസ് ഹൂഡയ്‌ക്കെതിരെയാണ് ഭൂമി അനുവദിച്ചതില്‍ കേസുള്ളത്. അസോസിയേറ്റഡ് ജേര്‍ണല്‍സിനായി ഡല്‍ഹിയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുഌപച്കുലയിലെ ഭൂമിയാണ് നല്‍കിയത്. 1982ല്‍ ആണ് ഭൂമി അനുവദിച്ചതെങ്കിലും ഒരു പതിറ്റാണ്ടിന് ശേഷം ഇത് റദ്ദാക്കിയിരുന്നു. കമ്പനിക്ക് ഓഫീസ് നിര്‍മ്മിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഭൂമി തിരിച്ചെടുത്തത്.

ഈ തിരുമാനം അധികാരത്തില്‍ എത്തിയ ഉടന്‍ പിന്‍വലിച്ച ഹൂഡയുടെ നടപടി 62 ലക്ഷം രൂപയുടെ നഷ്ടമാണ് സംസ്ഥാന ഖജനാവിന് ഉണ്ടാക്കിയത്. തുടക്കത്തില്‍ സംസ്ഥാനത്തെ അഴിമതി വിരുദ്ധ വിജിലന്‍സ് വിഭാഗമാണ് അന്വേഷിച്ചിരുന്നത്. ഹരിയാനയില്‍ ബിജെപി അധികാരത്തിലെത്തിയതോടെയാണ് കേസ് സിബിഐക്ക് വിട്ടത്.
സ്വാതന്ത്രലബ്ധിക്ക് മുമ്പ് ജവഹര്‍ലാല്‍ നെഹ്‌റു ആരംഭിച്ച നാഷണല്‍ ഹെരാള്‍ഡ് പത്രം അസോസിയേറ്റഡ് ജേര്‍ണല്‍സ് പ്രസിദ്ധീകരിക്കുന്ന കാലത്താണ് ഭൂമി നല്‍കിയത്. സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കോടതിയില്‍ കയറ്റിയത് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ്. നിയമവിരുദ്ധമായി യംഗ് ഇന്ത്യന്‍സ് എന്ന നിഴല്‍ കമ്പനിയുണ്ടാക്കി 300 മില്യണ്‍ ഡോളര്‍ വരുന്ന അസോസിയേറ്റഡ് ജേര്‍ണലിന്റെ സ്വത്ത് നേടിയെടുക്കാന്‍ ശ്രമിച്ചുവെന്നതാണ് കേസ്.

© 2024 Live Kerala News. All Rights Reserved.