പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കാതെ ഡിജിപിയുമായി ചര്‍ച്ചയ്ക്കില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം

ഡിജിപി ഓഫിസിന് മുമ്പില്‍ തങ്ങളെ കൈയേറ്റം ചെയ്യുകയും മര്‍ദിക്കുകയും ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കാതെ ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്ന് ജിഷ്ണു പ്രണോയിയുടെ കുടുംബം. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും ബന്ധുക്കളും ഇന്ന് ഡിജിപിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെയാണ് നടപടിയില്ലാതെ ചര്‍ച്ചയ്ക്കില്ലെന്ന നിലപാട് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്.കന്റോണ്‍മെന്റ് എസി, മ്യൂസിയം എസ്‌ഐ എന്നിവരാണ് മര്‍ദിച്ചതെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.

ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്ന മുറയ്ക്ക് ഡിജിപിയുടെ ഓഫിസിന് മുമ്പില്‍ വീണ്ടും സമരം തുടരുമെന്നും ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു. എവിടെ പൊലീസ് തടയുന്നുവോ അവിടെ സമരം തുടങ്ങും. അതേസമയം ഐജി മനോജ് എബ്രഹാം പൊലീസ് നടപടിയെക്കുറിച്ച് ഇന്ന് അന്തിമ റിപ്പോര്‍ട്ട് ഡിജിപിക്ക് നല്‍കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പൊലീസുകാര്‍ക്കെതിരെയുളള നടപടി. ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജിഷ്ണുവിന്റെ ജന്മനാടായ വളയത്തുനിന്നുമുളള വീട്ടമ്മമാരും നിരാഹാരം അനുഷ്ടിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.