ന്യൂ ഡല്‍ഹി: ആംആദ്മി പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഷുഗ്ലു കമ്മീഷന്‍ റിപ്പോര്‍ട്ട്. കെജ്‌രിവാള്‍ സര്‍ക്കാരുമായി നിരന്തരം കലഹിച്ചിരുന്ന ലെഫ്.ഗവര്‍ണര്‍ നജീബ് ജങ് ചുമതലപ്പെടുത്തിയ മൂന്നംഗ പാനല്‍ റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ആരോപണങ്ങളുള്ളത്. ഗവര്‍ണറോട് ചോദിക്കാതെ നിരവധി തീരുമാനങ്ങളാണ് ഡല്‍ഹി സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും ഗുരുതരമായ ക്രമക്കേടുകളുണ്ടായിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
ആംആദ്മി പാര്‍ട്ടിയുടെ ഓഫീസിനായി സ്ഥലം അനുവദിച്ചതും, മന്ത്രിസഭയിലംഗമായ സത്യേന്ദ്ര ജെയ്‌ന്റെ മകളെ ഡല്‍ഹി സ്‌റ്റേറ്റ് ഹെല്‍ത്ത് മിഷണ്‍ ഡയറക്ടറായി നിയമിച്ചതും ചൂണ്ടികാണിക്കുന്നുണ്ട് ഷുഗ്ലു കമ്മീഷന്‍ റിപ്പോര്‍ട്ട്. ഡല്‍ഹി വനിത കമ്മീഷന്‍ ചെയര്‌പേഴ്‌സണ്‍ സ്വാതി മാലിവാളിന് വസതി അനുവദിച്ചതും ചോദ്യം ചെയ്യുന്നു. ഗവര്‍ണര്‍ നജീബ് ജങിന്റെ അനുമതി ഇല്ലാതെ കെജ്‌രിവാള്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളും നിയമനങ്ങളും നിയമസാധുത ഇല്ലാത്തതാണെന്നാണ് 100 പേജിലുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.
2015ല്‍ എല്ലാ വകുപ്പുകളിലുള്ളവര്‍ക്കും ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടെന്ന നിര്‍ദേശം മുഖ്യമന്ത്രി കെജ്‌രിവാള്‍ നല്‍കിയിരുന്നതായും പറയുന്നു. ഭരണഘടനയുടെ 239അഅ(3)അ പ്രകാരം ഡല്‍ഹി നിയമസഭയിലേക്ക് എല്ലാ തീരുമാനങ്ങളും മാറ്റിയായിരുന്നു പലനീക്കങ്ങളും സര്‍ക്കാര്‍ ചെയ്തത്. അഴിമതി വിരുദ്ധ ബെഞ്ചില്‍ ഉദ്യോഗസ്ഥരെ നിയമിച്ചതിലും ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം സംബന്ധിച്ചും അധികാര ദുര്‍വിനിയോഗം നടത്തിയതായും ആക്ഷേപമുണ്ട്.