ലോറി സമരം ശക്തം; ഇന്ന് ചര്‍ച്ച

പാലക്കാട്: തിങ്കളാഴ്ചയിലെ ചര്‍ച്ച പരാജയപ്പെട്ടാല്‍ ചൊവ്വാഴ്ച മുതല്‍ അവശ്യസാധനങ്ങളുടെ നീക്കം നിര്‍ത്തിവെക്കുമെന്ന് സ്‌റ്റേറ്റ് ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍. സമരം തുടരുന്നുണ്ടെങ്കിലും അവശ്യസാധനങ്ങളുമായി വരുന്ന ലോറികള്‍ തടഞ്ഞിട്ടില്ല. ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനക്കെതിരെയാണ് ലോറിയുടമകളുടെ അനിശ്ചിതകാല സമരം.

ഹൈദരാബാദില്‍ ഐ.ആര്‍.ഡി.എയുടെ (ഇന്‍ഷുറന്‍സ്‌ െറഗുലേറ്ററി ആന്‍ഡ്‌ െഡവലപ്‌മെന്റ് അതോറിറ്റി) നേതൃത്വത്തില്‍ തിങ്കളാഴ്ച അനുരഞ്ജന ചര്‍ച്ച നടക്കുന്നുണ്ട്. ചര്‍ച്ചയുടെ പുരോഗതിക്കനുസരിച്ചായിരിക്കും സമരത്തിെന്റ ഭാവിയെന്ന് ലോറിയുടമകള്‍ പറഞ്ഞു. ചരക്ക് ലോറി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്‍.പി.ജി ടാങ്കറുകള്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പണിമുടക്കുമെന്ന് സൗത്ത് സോണ്‍ എല്‍.പി.ജി ടാങ്കര്‍ അസോസിയേഷന്‍ അറിയിച്ചു.

ചരക്ക് ലോറി സാധനങ്ങളുടെ സമരം നാലാം ദിനം പിന്നിട്ടതോടെ കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. അവശ്യസാധനങ്ങളല്ലാതെ ചെക്ക്‌പോസ്റ്റില്‍ എത്തുന്ന വാഹനങ്ങളോട് കേരളത്തിലേക്ക് കടക്കരുതെന്ന് സമരാനുകൂലികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, എഫ്.സി.ഐയിലേക്ക് ധാന്യങ്ങളുമായി എത്തുന്ന റെയില്‍വേ വാഗണുകള്‍ ക്ലിയര്‍ ചെയ്തു കൊടുക്കാനുള്ള സൗകര്യം ലോറി ഉടമകള്‍ ഒരുക്കിയിട്ടുണ്ട്.

കേരളമുള്‍െപ്പടെ ഏഴ് സംസ്ഥാനങ്ങളിലെ ചരക്ക് വാഹനങ്ങളാണ് നാല് ദിവസമായി പണിമുടക്കുന്നത്. സമരം ആരംഭിച്ചതില്‍ പിന്നെ ചെക്ക്‌പോസ്റ്റുകളില്‍ എത്തുന്ന വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ചരക്ക് സമരത്തെ തുടര്‍ന്ന് ജില്ലയിലോ സമീപ ജില്ലയിലോ പച്ചക്കറി വിലയില്‍ മാറ്റം വന്നിട്ടില്ലെന്ന് പച്ചക്കറി വ്യാപാരികള്‍ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.