ആദ്യദിന കളക്ഷനില്‍ റെക്കോര്‍ഡിട്ട് ‘ദ ഗ്രേറ്റ് ഫാദര്‍’

മലയാള സിനിമയില്‍ ആദ്യ ദിവസം ഏറ്റവും മികച്ച കലക്ഷന്‍ നേടിയ  ചിത്രം ഇനി ‘ദ ഗ്രേറ്റ്ഫാദറാ’ണ്.ഇന്നലെ റിലീസ് ചെയ്ത ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ ആദ്യ ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നിര്‍മാതാക്കളില്‍ ഒരാളായ പൃഥ്വിരാജ് തന്നെയാണ് ഈ കണക്ക് പുറത്ത് വിട്ടത്.202 തിയേറ്ററുകളിലായി പ്രദര്‍ശനത്തിന് എത്തിയ ദ ഗ്രേറ്റ് ഫാദര്‍ ആദ്യ ദിവസം 958 ഷോകളാണ് നടത്തിയത്. ഇതിലൂടെ വന്ന കലക്ഷന്‍ 4,31,46,345 രൂപയാണ്. മലയാള സിനിമ വളരുകയാണ് എന്ന് പറഞ്ഞുകൊണ്ട് പൃഥ്വിരാജ് ഈ പോസ്റ്റര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. നിലവില്‍ മലയാളത്തിലെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡ് മോഹന്‍ലാലിന്റെ വൈശാഖ് ചിത്രം പുലിമുരുകന്റെ പേരിലായിരുന്നു. 4.05 കോടിയായിരുന്നു ബോക്‌സ്ഓഫീസില്‍ 150 കോടി നേടിയ പുലിമുരുകന്റെ ആദ്യദിന കളക്ഷന്‍.മമ്മൂട്ടിയുടെ ഇതിന് മുന്‍പുള്ള കരിയര്‍ ബെസ്റ്റ് ഫസ്റ്റ്‌ഡേ കളക്ഷന്‍, നിധിന്‍ രണ്‍ജി പണിക്കരുടെ സംവിധാനത്തിലെത്തിയ ‘കസബ’യുടെ പേരിലായിരുന്നു. 2.48 കോടിയായിരുന്നു ചിത്രത്തിന്റെ ഒഫിഷ്യല്‍ ഫസ്റ്റ്‌ഡേ കളക്ഷന്‍.എന്നാല്‍ പൃഥ്വിരാജിന്റെ ഹൊറര്‍ ത്രില്ലര്‍ ‘എസ്ര’യും ദുല്‍ഖര്‍ സല്‍മാന്റെ സത്യന്‍ അന്തിക്കാട് ചിത്രം ‘ജോമോന്റെ സുവിശേഷ’ങ്ങളും ‘കസബ’യ്ക്ക് മുകളില്‍ ആദ്യദിന കളക്ഷന്‍ നേടിയ ചിത്രങ്ങളാണ്. 2.65 കോടിയായിരുന്നു എസ്രയുടെ ഒഫിഷ്യല്‍ ഫസ്റ്റ് ഡേ കളക്ഷന്‍. സത്യന്‍ അന്തിക്കാടിന്റെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ജോമോന്റെ സുവിശേഷങ്ങള്‍’ 2.71 കോടിയും ആദ്യദിനത്തില്‍ നേടിയിരുന്നു.എന്നാല്‍ മമ്മൂട്ടി, പൃഥ്വിരാജ്, ദുല്‍ഖര്‍ എന്നിവരുടെ കരിയര്‍ ബെസ്റ്റ് ആദ്യദിന കളക്ഷനുകളെ പിന്നിലാക്കിയിരുന്നു അടുത്തിടെ തീയേറ്ററുകളിലെത്തിയ ടൊവീനോ തോമസ് ചിത്രം ഒരു മെക്‌സിക്കന്‍ അപാരത. അനൂപ് കണ്ണന്‍ നിര്‍മ്മിച്ച്, നവാഗതനായ ടോം ഇമ്മട്ടി സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ മൂന്ന് കോടി ആയിരുന്നു.ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും ആര്യയും ഷാജി നടേശനും സന്തോഷ് ശിവയും നിര്‍മിച്ച ചിത്രത്തിന്റെ ആകെ ചെലവ് 7 കോടിയാണ്. കുടുംബ പ്രേക്ഷകര്‍ക്ക് നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ഗ്രേറ്റ് ഫാദറിനെ കുടുംബ പ്രേക്ഷകര്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിയ്ക്കുകയായിരുന്നു. ഡേവിഡ് നൈനാന്റെയും കുടുംബത്തിന്റെയും കഥയാണ് ദ ഗ്രേറ്റ് ഫാദര്‍. നിയമത്തിന്റെയും രാജ്യത്തിന്റെയുമല്ല, ഒരു അച്ഛന്റെ നീതി എന്നാണ് ചിത്രത്തിന്റെ ടാഗ്.

© 2024 Live Kerala News. All Rights Reserved.