‘ദ ഗ്രേറ്റ് ഫാദറിലെ’ ചില രംഗങ്ങള്‍ ചോര്‍ന്നു

മാര്‍ച്ച് 30ന് റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ദ ഗ്രേറ്റ് ഫാദറിലെ’ ചില രംഗങ്ങള്‍ ചോര്‍ന്നു.സെന്‍സര്‍ ചെയ്യുന്നതിനു മുമ്പുള്ള ഒരു ഭാഗമാണ് ചോര്‍ന്ന് ഇന്റര്‍നെറ്റിലെത്തിയത്.ഒരു മിനിറ്റ് ഏഴു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും രംഗങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് നിര്‍മ്മാതാവ് ഷാജി നടേശന്‍ സൈബര്‍ സെല്ലിനെ സമീപിച്ചു. സിനിമയിലെ നിര്‍ണായക രംഗം തന്നെയാണ് ചോര്‍ന്നത്, എന്നാല്‍ ഇത് സിനിമയെ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് ഓഗസ്റ്റ് സിനിമാസിന്റെ സാരഥികളിലൊരാളായ ഷാജി നടേശന്‍ പ്രതികരിച്ചു. ‘ദ ഗ്രേറ്റ് ഫാദറി’ന്റെ രംഗം എണ്ണൂറോളം ലൈക്കുകള്‍ മാത്രമുള്ള ഒരു ഫേസ്ബുക്ക് പേജ് വഴിയാണ് ഇന്നലെ രാത്രിയോട് പുറത്തുവന്നത്. തുടര്‍ന്ന് മമ്മൂട്ടി ഫാന്‍സ് അംഗങ്ങള്‍ ഈ പേജ് റിപ്പോര്‍ട്ട് ചെയ്യുകയും തുടര്‍ന്ന് വീഡിയോ നീക്കം ചെയ്യുകയുമുണ്ടായി.ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ് സുകുമാരന്‍, ഷാജി നടേശന്‍, സന്തോഷ് ശിവന്‍ എന്നിവരാണ് ദ ഗ്രേറ്റ് ഫാദര്‍ നിര്‍മ്മിക്കുന്നത്. ഹനീഫ് അദേനിയാണ് രചനയും സംവിധാനവും. ഡേവിഡ് നൈനാന്‍ എന്ന ബില്‍ഡറുടെ റോളിലാണ് മമ്മൂട്ടി. ബേബി അനിഖ, സ്‌നേഹ, ആര്യ, മിയ എന്നിവരും സിനിമയിലുണ്ട്.