‘ആധാര്‍’ യുപിഎ സര്‍ക്കാരിന്റെ മഹത്തായ പദ്ധതി; മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ആധാര്‍ കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ മഹത്തായ പദ്ധതിയെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. നികുതി വെട്ടിപ്പ് തടയാനും നേരിട്ടുള്ള സബ്‌സിഡി ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും ആധാര്‍ നിര്‍ബന്ധമാക്കി അത് വികസിപ്പിക്കുക ആയിരുന്നുവെന്നും രാജ്യസഭയില്‍ ജെയ്റ്റ്‌ലി പറഞ്ഞു. ധനകാര്യ ബില്‍ സംബന്ധിച്ച ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു കേന്ദ്രമന്ത്രി.ആധാര്‍ സംബന്ധിച്ച് സംശയങ്ങളുണ്ടായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ആധാര്‍ യോഗത്തില്‍ ഞാനുമുണ്ടായിരുന്നു. എന്റെ സംശയങ്ങള്‍ക്കു യോഗത്തില്‍ ഉചിതമായ മറുപടി ലഭിച്ചു. ഞങ്ങള്‍ക്കു തുറന്നുപറയാന്‍ മടിയില്ല, ഇതൊരു മഹത്തായ പദ്ധതിയാണെന്നു ഞങ്ങള്‍ അംഗീകരിക്കുന്നു. ഞങ്ങള്‍ ഈ പദ്ധതിയെ വികസിപ്പിക്കുകയാണ്. ഞങ്ങള്‍ ഇത് അംഗീകരിച്ചതാണ്, അതിലൊരു സംശയവും ഇല്ല’ മന്ത്രി പറഞ്ഞു.ആധാര്‍ നിര്‍ബന്ധിതമാക്കിയത് എന്തിന് എന്ന കോണ്‍ഗ്രസ് അംഗങ്ങളുടെ തുടര്‍ച്ചയായ ചോദ്യത്തിനു മറുപടിയായി, പൊതുക്ഷേമത്തിനു വേണ്ടി രൂപംകൊടുത്ത സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്താതിരിക്കുന്നത് എന്തിനാണെന്നു മന്ത്രി തിരിച്ചുചോദിച്ചു. ബാങ്ക് അക്കൗണ്ട്, ഐടി റിട്ടേണ്‍ വിവരങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ഹാക്കിങ്ങിലൂടെ ചോര്‍ത്തില്ലെന്ന് ഉറപ്പുതരാന്‍ സര്‍ക്കാരിനു കഴിയുമോ എന്നു പി.ചിദംബരം ചോദിച്ചു.അതേസമയം, ഇന്റര്‍നെറ്റ് ഹാക്കിങ് തടയാനാവില്ലെന്നും ആ ഭീഷണിയുടെ പേരില്‍ സാങ്കേതികവിദ്യയെ തള്ളാനോ ഉപയോഗം നിയന്ത്രിക്കാനോ ആവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ തകരാറിലാകുമെന്ന വാദം സാങ്കേതികവിദ്യ ഉപയോഗിക്കാതിരിക്കാനുള്ള ന്യായമല്ലെന്നു ധനമന്ത്രി പറഞ്ഞു. ഹാക്കിങ് തടയാനാവില്ലെന്നും ഫയര്‍വോള്‍ സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്താനാകുമെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.