വാക്‌പോര് തുടരുന്നു;ടാറ്റായ്ക്ക് 50000 ഏക്കര്‍ കൈയേറ്റമുണ്ടെന്ന് പറഞ്ഞ് സമരത്തിനിറക്കിയ വിഎസ് ഇപ്പോള്‍ മിണ്ടുന്നില്ല; പാര്‍ട്ടി വിലക്കുളളതിനാല്‍ പറയുന്നില്ല; ഉമ്മന്‍ ചാണ്ടിക്കുള്ള മാന്യതപോലും വിഎസിനില്ലെന്നും എംഎം മണി

തിരുവനന്തപുരം: മൂന്നാറിലെ ഭൂമി കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദനും വൈദ്യുതി മന്ത്രി എം.എം മണിയും തമ്മില്‍ നടക്കുന്ന വാക്‌പോര് തുടരുന്നു. ഭൂമാഫിയയുടെ ആളാരാണെന്ന് എല്ലാവര്‍ക്കും അറിയാം. കൂടുതലൊന്നും പറയുന്നില്ല. ടാറ്റയ്‌ക്കെതിരെ സമരം നടത്തിയ വിഎസ് ഇപ്പോള്‍ മിണ്ടാതിരിക്കുകയാണ്.ടാറ്റായ്ക്ക് 50000 ഏക്കര്‍ കൈയേറ്റ ഭൂമിയുണ്ടെന്ന് പറഞ്ഞ് ഞങ്ങളെ സമരം ചെയ്യിച്ച വിഎസ് പിന്നീടൊന്നും പറഞ്ഞില്ലെന്നും മണി കുറ്റപ്പെടുത്തി.
രാജേന്ദ്രന്‍ എംഎല്‍എയുടെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിക്കുള്ള മാന്യതപോലും വിഎസിനില്ല. വിഎസിന് താന്‍ വിശദീകരണം നല്‍കേണ്ട കാര്യമില്ല. പ്രതികരിക്കരുതെന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ട്. എന്നാല്‍, ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ സാധിക്കുന്നില്ല. മൂന്നാറില്‍ യാതൊരു കയ്യേറ്റവുമില്ലെന്നും മണി പറഞ്ഞു.
വിഎസ് പറയുന്നതിനെല്ലാം മറുപടി പറയാതിരിക്കുന്നതാണ് അന്തസ്. .ഇന്നലെ വിഎസ് മണിക്കെതിരായി നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് മറുപടി. ആരാണ് കാര്യങ്ങള്‍ പഠിക്കാത്തതെന്ന് ജനങ്ങള്‍ക്കറിയാം. മൂന്നാറില്‍ കൈയേറ്റമില്ലെന്നാണല്ലോ ആ വിദ്വാന്‍ പറയുന്നത്. ഇതെല്ലാം ഭൂമാഫിയയെ സഹായിക്കാനാണെന്നായിരുന്നു വിഎസിന്റെ പരാമര്‍ശങ്ങള്‍.മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി രാജേന്ദ്രന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ കയ്യേറിയതാണ് പുതിയ സംഭവങ്ങള്‍ക്ക് കാരണം. വിഷയത്തില്‍ കര്‍ശന നടപടിവേണമെന്നാണ് സിപിഐയുടെയും വിഎസ് ഉള്‍പ്പെടെയുള്ള നേതാക്കളുടെയും പക്ഷം. സിപിഎമ്മിന്റെ ദേവികുളം എംഎല്‍എ: എസ്. രാജേന്ദ്രന്‍ കയ്യേറ്റക്കാര്‍ക്കു വേണ്ടിയാണു വാദിക്കുന്നതെന്നു വിഎസ് തുറന്നടിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.