മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയില്‍;ജലബോംബായി മുല്ലപ്പെരിയാര്‍ നില്‍ക്കുകയാണെന്നും എം.എം മണി

നെടുങ്കണ്ടം:മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലാണെന്ന് മുന്‍ മന്ത്രി എം.എം മണി. വണ്ടിപ്പെരിയാറിന് മുകളില്‍ ജലബോംബായി മുല്ലപ്പെരിയാര്‍ നില്‍ക്കുകയാണെന്നും എം.എം മണി പറഞ്ഞു. ഡാം അപകടാവസ്ഥയിലാണോ എന്നറിയാന്‍ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്തമാണ്. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മ്മിച്ച ഡാമിന്റെ അകം കാലിയാണ്. എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലുള്ളവര്‍ വെള്ളം കുടിച്ചും തമിഴ്‌നാട്ടിലുള്ളവര്‍ വെള്ളം കിട്ടാതെയും മരിക്കുമെന്നും അദ്ദേഹം പറഞ്ഞു.നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് രാഷ്ട്രീയം കളിയ്ക്കുകയാണെന്നും ഇരുസംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താല്‍ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്നും എം.എം മണി പറഞ്ഞു. ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹൈറേഞ്ച് സംരക്ഷണ സമിതി നെടുങ്കണ്ടത്ത് 101 കര്‍ഷകര്‍ പങ്കെടുക്കുന്ന ഉപവാസം സംഘടിപ്പിച്ചത്.

© 2022 Live Kerala News. All Rights Reserved.