പാരിസ്: പാരിസ് സന്ദർശിക്കുന്ന കമിതാക്കൾ പ്രേമത്തെ തടവിലിടാനായി കണ്ടെത്തിയ ‘സ്നേഹപ്പൂട്ടി”ന്റെ പാലം അപ്രാപ്യമാവും. ഒരിക്കലും വേർപിരിയില്ലെന്ന് പ്രതിജ്ഞയെടുത്ത് കമിതാക്കൾ താഴിൽ ഇരുവരുടെയും പേരെഴുതി നഗരത്തിലെ സെയിൻ നദിക്ക് കുറുകെയുള്ള പോണ്ട് ദിസ് ആർ പാലത്തിൽ പ്രേമം താഴിട്ടു പൂട്ടുന്നത് അധികൃതർക്ക് തലവേദനയായതാണ് കാരണം. സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് പാലത്തിലെ ആ സ്നേഹസ്മാരകങ്ങൾ ഇന്ന് നീക്കും. വർഷങ്ങളായി പൂട്ടിട്ട ലക്ഷക്കണക്കിന് താഴുകളാണ് ഇവിടെയുള്ളത്. പൂട്ടിയ ശേഷം നടപ്പാലത്തിൽ നിന്ന് താക്കോൽ നദിയിലേക്ക് വലിച്ചെറിയുന്നതോടെ സ്നേഹം ഒരിക്കലും വിടവാങ്ങില്ലെന്നാണ് വിശ്വാസം. പാലത്തിന്റെ പൗരാണികത നഷ്ടമാവുന്നത് കൂടാതെ സന്ദർശകരുടെ സുരക്ഷയെയും ബാധിക്കുമെന്ന് കണ്ടതിനാലാണ് കടുത്തനടപടി. താഴുകളുടെ ഭാരം താങ്ങാൻ കഴിയാതെ കഴിഞ്ഞ വർഷം പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നിരുന്നു. 45 ടൺ ഭാരം വരുന്ന പത്ത് ലക്ഷത്തോളം താഴുകളാണുള്ളത്. താഴുകൾ നീക്കം ചെയ്ത ശേഷം ലോഹ കൈവരികൾക്ക് ഗ്ളാസിന്റെ മറയിടും. താഴുകൾ ഇടരുതെന്ന സ്നേഹപൂർവമുള്ള മുന്നറിയിപ്പ് കണക്കിലെടുക്കാതെ സെൽഫി കൂടി എടുത്ത് ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നവരുടെ എണ്ണം കൂടിയപ്പോഴാണ് നടപടി.
2006 ൽ ഇറങ്ങിയ ‘ഐ വാണ്ട് യൂ” എന്ന ഇറ്റാലിയൻ നോവലാണ് ഈ പ്രവണതയ്ക്ക് തുടക്കമിട്ടതെന്ന് പാരിസ് സിറ്റിഹാൾ വക്താവ് പറഞ്ഞു. നോവലിൽ കമിതാക്കൾ താഴിൽ തങ്ങളുടെ പേരുകൾ എഴുതി ടൈബർ നദിക്ക് കുറുകെയുള്ള പാലത്തിൽ പൂട്ടിട്ട ശേഷം താക്കോൽ വലിച്ചെറിയുന്നുണ്ട്.