ജിഷാ വധക്കേസ്; അന്വേഷണത്തില്‍ പാളിച്ച; വിചാരണ നിര്‍ത്തിവെക്കണമെന്ന് പ്രതിഭാഗം

കൊച്ചി: ജിഷ വധക്കേസ് വിചാരണ തത്ക്കാലം നിര്‍ത്തിവെക്കണമെന്ന് പ്രതിഭാഗത്തിന്റെ ഹര്‍ജി.പ്രതിഭാഗം അഭിഭാഷകനായ അഡ്വ. ബിഎ ആളൂരാണ് എര്‍ണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത.് അന്വേഷണം ശരിയായ ദിശയിലല്ല നടന്നതെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിക്കണം. റിപ്പോര്‍ട്ട് കോടതി പരിശോധിക്കണം. അമീറുല്‍ ഇസ്‌ലാമാണോ പ്രതിയെന്ന് വിജിലന്‍സ് സംശയം പ്രകടിപ്പിച്ചിരുന്നു. അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നും വിജിലന്‍സ് പറയുന്നു. ഈ റിപ്പോര്‍ട്ട് അടിയന്തിരമായി കോടതി വിളിച്ചു വരുത്തണമെന്നും ഹര്‍ജിയിലുണ്ട്.ഇതേ ആവശ്യമുന്നയിച്ച് ഗവര്‍ണര്‍ക്കും ചീഫ് ജസ്റ്റിസിനും പരാതി നല്‍കാനും പ്രതിഭാഗം തീരുമാനിച്ചിട്ടുണ്ട്. ജിഷാ വധക്കേസ് അന്വേഷണത്തില്‍ തുടക്കം മുതല്‍ പാളിച്ചയുണ്ടായെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും കേസ് കോടതിയില്‍ നിലനില്‍ക്കില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് തള്ളിയ ഡിജിപി: ലോക്‌നാഥ് ബെഹ്‌റ, വിജിലന്‍സിന് ഇങ്ങനെ റിപ്പോര്‍ട്ട് നല്‍കാന്‍ അധികാരമില്ലെന്നു സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു.കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28നാണ് ജിഷയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ക്രൂരമായ ലൈംഗിക പീഡനത്തിനിരയായ നിലയിലായിരുന്നു മൃതദേഹം.

© 2024 Live Kerala News. All Rights Reserved.