ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ കുറ്റങ്ങള്‍ നിരത്തി സിബിഐ;ലാവ്‌ലിന്‍ പ്രതിനിധികളുമായി ഗൂഢാലോചന നടത്തി;എസ്എന്‍സി ലാവ്‌ലിന്‍ കരാറിന് അമിത താത്പര്യം കാണിച്ചു;വിതരണ കരാര്‍ ഉണ്ടാക്കിയത് മന്ത്രിസഭ അറിഞ്ഞില്ല

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ കുറ്റങ്ങള്‍ നിരത്തി സി.ബി.ഐ ഹൈക്കോടതിയില്‍. ലാവ്‌ലിന്‍ പ്രതിനിധികളുമായി ഗൂഢാലോചന നടത്തിയെന്ന് സി.ബി.ഐ പറയുന്നു.ലാവ്‌ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്നത്തെ വൈദ്യുത മന്ത്രിയായിരുന്ന പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്ന് മറച്ചുവെച്ചെന്നും ഇടപാടിന് പിണറായി അമിത താല്‍പര്യം കാണിച്ചെന്നും സിബിഐ ആരോപിച്ചു.ലാവ് ലിനുമായി വിതരണ കരാറുണ്ടാക്കിയത് മന്ത്രിസഭ അറിഞ്ഞിരുന്നില്ല. ഉന്നത ഉദ്യോഗസ്ഥരുടെ എതിര്‍പ്പുകളെ സ്വാധീനം ഉപയോഗിച്ച് മറികടന്നു. പിണറായിക്കെതിരെ വിനോദ് റായ് അടക്കമുള്ള 10 സാക്ഷികള്‍ ഉണ്ടെന്നും സി.ബി.ഐ പറയുന്നു.
മലബാര്‍ കാന്‍സര്‍ സെന്റര്‍ പിണറായിയുടെ സ്വന്തം ആശയമാണെന്നും ഇതിന് വേണ്ടി നിയമപരമായി നിലനില്‍ക്കാത്ത കരാര്‍ ഉണ്ടാക്കുകയാണെന്നും സി.ബി.ഐ പറയുന്നു.ഹൈക്കോടതിയുടെ ഒമ്പത് ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് സി.ബി.ഐ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിനു നല്‍കിയതില്‍ കോടികളുടെ ക്രമക്കേടുണ്ടെന്നാണ് സി.ബി.ഐ. യുടെ കേസ്.374.5 കോടിയുടെ കരാര്‍ വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും നഷ്ടം വരുത്തിയെന്നാണ് കേസ്. 2013ല്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ കേസിലുള്‍പ്പെട്ടവരെ തിരുവനന്തപുരം സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കി. അതിനെതിരെ സി.ബി.ഐ. നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

© 2025 Live Kerala News. All Rights Reserved.