പ്രാക്ടീസ് നടത്താൻ ബിരുദം മാത്രം പോര
ന്യൂഡൽഹി: എം.ബി.ബി.എസ് ബിരുദ പഠനം പൂർത്തിയാക്കിയതു കൊണ്ട് മാത്രം ഡോക്ടറാകാനാവില്ല. പ്രാക്ടീസ് നടത്തണമെങ്കിൽ ബിരുദമെടുത്ത വിദ്യാർത്ഥികൾ യോഗ്യതാ പരീക്ഷ കൂടി ജയിക്കണമെന്ന നിബന്ധന കൊണ്ടുവരാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് കരട് ശുപാർശ തയ്യാറാക്കി കഴിഞ്ഞു. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആയിരിക്കും പരീക്ഷ നടത്തുക.
ഡോക്ടർമാരുടെ നിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് യോഗ്യതാ പരീക്ഷസമ്പ്രദായം നടപ്പാക്കുന്നത്. പ്രതിവർഷം ഒരു ലക്ഷത്തിലേറെ പേർ ഉപരിപഠനത്തിനായുള്ള മെഡിക്കൽ പി.ജി. പ്രവേശന പരീക്ഷ എഴുതുന്നുണ്ടെങ്കിലും 25, 000 പേർ മാത്രമാണ് യോഗ്യത നേടുന്നത്. ബാക്കിയുള്ളവർ ഡോക്‌ടറായി പ്രാക്‌ടീസ് തുടരും. രാജ്യത്തെ ഡോക്‌ടർമാരുടെ നിലവാരം പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്ന കാര്യമാണിതെന്നാണ് കൗൺസിലിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെയും നിലപാട്.
യോഗ്യതാ പരീക്ഷ നിലവിൽ വരുന്നതോടെ മെഡിക്കൽ കോളേജുകളിലെ നിലവാരം കൂടി വിലയിരുത്താനാകുമെന്നും സർക്കാർ കരുതുന്നുണ്ട്. എൽ.എൽ.ബി പാസായവർക്ക് ബാർ കൗൺസിൽ യോഗ്യതാ പരീക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ബാർ കൗൺസിലിന്റെ പരീക്ഷയിൽ ജയിക്കുന്നവർക്ക് മാത്രമേ അഭിഭാഷകവൃത്തി ചെയ്യാനാകു.
യോഗ്യതാ പരീക്ഷ വിജയിക്കാത്തവർക്ക് പി.ജി പ്രവേശനം നിഷേധിക്കുന്നതിനും മന്ത്രാലയം ആലോചിക്കുന്നുണ്ട്. നിലവിൽ വിദേശത്ത് മെഡിക്കൽ ബിരുദം നേടിയവർക്ക് ഇന്ത്യയിൽ പ്രാക്‌ടീസ് ചെയ്യണമെങ്കിൽ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്‌സാമിനേഷൻ (എഫ്.എം.ജി.ഇ) പാസാകണം. ഇത് എല്ലാവർക്കും ബാധമാക്കുന്ന തരത്തിൽ പൊതു യോഗ്യതാ പരീക്ഷയായി മാറ്റാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കരട് രേഖയിൽ പറയുന്നത്. 2002ൽ കൊണ്ടുവന്ന എഫ്.എം.ജി.ഇക്ക് മെഡിക്കൽ കൗൺസിലിന്റെ അംഗീകാരമുണ്ട്.
സർക്കാർ കോളേജുകളുടെയും സ്വകാര്യ കോളേജുകളുടെയും വിജയശതമാനത്തിൽ വലിയ അന്തരമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2014ലെ മെഡിക്കൽ പി.ജി പ്രവേശന പരീക്ഷയിൽ സർക്കാർ കോളേജുകളിൽ നിന്ന് 22,802 പേർ പാസായപ്പോൾ സ്വകാര്യ കോളേജുകളിൽ 8862 പേരും വിദേശത്ത് പഠിച്ച 1188 പേരുമാണ് യോഗ്യത നേടിയത്. വിവിധ സംസ്ഥാനങ്ങളിലെ വിജയ ശതമാനത്തിലും ഈ വ്യത്യാസമുണ്ട്. ഈ വർഷം നടന്ന മെഡിക്കൽ പി.ജി പ്രവേശന പരീക്ഷയിൽ 87.92 ആയിരുന്നു ആന്ധ്രാപ്രദേശിന്റെ വിജയശതമാനം. ചണ്ഡീഗഡ് 73.56 ശതമാനം, പശ്ചിമബംഗാൾ 53.58 ശതമാനം, ഉത്തർപ്രദേശ് 51.56 ശതമാനം എന്നിങ്ങനെ നേടി. എന്നാൽ അസാമിൽ 46.38 ശതമാനവും ജമ്മു കാശ്മീർ 37.84 ശതമാനവും മാത്രമായിരുന്നു. ഇതെല്ലാം ഡോക്‌ടർമാരുടെ നിലവാരത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നാണ് കൗൺസിലിന്റെ വാദം.
നിലവിൽ എങ്ങനെ
നിലവിൽ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കുന്നവർ ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ ബന്ധപ്പെട്ട സംസ്ഥാന ഘടകത്തിൽ രജിസ്റ്റർ ചെയ്യുകയാണ് രീതി. മറ്റ് സംസ്ഥാനങ്ങളിൽ പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർ രജിസ്ട്രേഷൻ അവിടേക്ക് ട്രാൻസ്ഫർ ചെയ്യും. പുതിയ പരീക്ഷ വരുന്നതോടെ ഇത്തരം നടപടിക്രമങ്ങൾ ഇല്ലാതാകും. രാജ്യത്ത് എവിടെയും പ്രാക്ടീസ് ചെയ്യാൻ കൗൺസിലിന്റെ പരീക്ഷയാകും അടിസ്ഥാന യോഗ്യത.