തമിഴ്‌നാട്ടില്‍ ഇന്നുമുതല്‍ പെപ്‌സിയും കൊക്കക്കോളയും വില്‍ക്കില്ല;തീരുമാനം വ്യാപാരി വ്യവസായസംഘടനയുടേത്

ചെന്നൈ: ഇന്നുമുതല്‍ തമിഴ്‌നാട്ടില്‍ നിന്നും പെപ്‌സി, കൊക്കക്കോള ഉത്പന്നങ്ങള്‍ വില്‍ക്കില്ല. ഉല്‍പ്പന്നങ്ങള്‍ വില്‍ക്കേണ്ടതില്ലെന്ന് വ്യാപാരി വ്യവസായസംഘടനയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ഇവ തമിഴ്‌നാട് വിപണിയില്‍ നിന്നും നീങ്ങുന്നത്. തമിഴ്‌നാട് വണികര്‍ കൂട്ടമൈപ്പു പേരൈവ എന്ന സംഘടനയാണ് ശീതളപാനീയങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്.ഭൂഗര്‍ഭജലം ഊറ്റിയെടുത്ത് ശീതളപാനീയങ്ങള്‍ നിര്‍മ്മിച്ച് ലാഭം കൊയ്യുന്ന കുത്തകകളുടെ ചൂഷണ നയത്തിനെതിരായാണ് വണികര്‍ കൂട്ടമൈപ്പു പേരൈവ ഉല്‍പ്പന്നങ്ങള്‍ മാര്‍ച്ച് മുതല്‍ വില്‍ക്കേണ്ടതെന്നു തീരുമാനിച്ചത്. സംഘടനയിലെ അംഗങ്ങളോട് ഇവ മാര്‍ച്ച് മുതല്‍ വില്‍ക്കരുതെന്നു നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. 15 ലക്ഷത്തിലധികം വ്യാപാരികളാണ് സംഘടനയില്‍ അംഗങ്ങളായിട്ടുള്ളത്.സംസ്ഥാനത്ത് കടുത്ത വരള്‍ച്ച മൂലം ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ ജലം ഊറ്റിയെടുക്കുന്ന നടപടി തടയേണ്ടത് അനിവാര്യമാണെന്നും ഉല്‍പ്പന്നങ്ങളില്‍ വിഷാംശം കണ്ടെത്തിയെ സാഹചര്യത്തില്‍ ഇവ നിരോധിക്കാന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും അനുകൂല നടപടി ഉണ്ടായിരുന്നില്ലെന്നും സംഘടന ആരോപിച്ചു. വണികര്‍ കൂട്ടമൈപ്പു പേരൈവിനു പുറമേ തമിഴ്‌നാട് ട്രേഡേഴ്‌സ് ഫെഡറേഷനും നിരോധനത്തിനു ആഹ്വാനം ചെയ്തിട്ടുണ്ട്. മലയാളികളുടെ നേതൃത്വത്തിലുള്ള ചെന്നൈ ചായക്കട ഉടമസ്ഥസംഘവും സംഘടനകളുടെ തീരുമാനത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. പെപ്‌സി കൊക്കക്കോള ഉത്പന്നങ്ങളില്‍ കീടനാശിനികളും വിഷാംശങ്ങളും ഉണ്ടെന്ന് തെളിയിക്കപ്പെട്ടതാണെന്നും ഇവ നിരോധിക്കേണ്ടത് അനിവാര്യമാണെന്നും സംഘടനകള്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.