കണ്ണൂര്‍: നിശ്ചയിച്ച് ഉറപ്പിച്ച വിവാഹത്തില്‍ നിന്ന് ഗായിക വൈക്കം വിജയലക്ഷ്മി പിന്‍മാറി. പ്രതിശ്രുത വരന്‍ സന്തോഷിന്റെ പെരുമാറ്റത്തില്‍ വന്ന മാറ്റമാണ് ഈ തീരുമാനത്തിന് കാരണമെന്ന് വിജയലക്ഷ്മി പറഞ്ഞു.വാര്‍ത്താസമ്മേളനത്തിലൂടെ വിജയലക്ഷ്മി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തൃശൂര്‍ സ്വദേശിയായ സന്തോഷുമായുള്ള വിവാഹത്തില്‍ നിന്നാണ് വൈക്കം വിജയലക്ഷ്മി പിന്മാറിയിരിക്കുന്നത്. മാര്‍ച്ച് 29നായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. വിവാഹശേഷം സംഗീത പരിപാടികളുമായി മുന്നോട്ടുപോകുന്നതിനെ സന്തോഷ് വിലക്കിയാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും അവര്‍ വ്യക്തമാക്കി. ഏതെങ്കിലും സംഗീത സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്താല്‍ മതിയെന്നാണ് സന്തോഷ് പറഞ്ഞത്. ഇത് തനിക്ക് അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. മാതാപിതാക്കളില്ലാത്ത സന്തോഷ് വിവാഹശേഷം തന്റെ വീട്ടില്‍ താമസിക്കാമെന്ന് നേരത്തെ സമ്മതിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹശേഷം തന്റെ ബന്ധുവീട്ടില്‍ താമസിക്കാമെന്നാണ് സന്തോഷ് പറയുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് വിവാഹത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചതെന്നും വിജയലക്ഷ്മി വ്യക്തമാക്കി. തങ്ങളുടെ വീട്ടില്‍ താമസിക്കാം, വിജയലക്ഷ്മിയുടെ സംഗീത ജീവിതത്തിന് തടസമുണ്ടാക്കില്ല തുടങ്ങിയ തങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സന്തോഷ് അംഗീകരിച്ചിരുന്നതാണെന്ന് വിജയലക്ഷ്മിയുടെ പിതാവ് വി. മുരളീധരനും പറഞ്ഞു. ആരുടെയും പ്രേരണയാലല്ല സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതെന്നും വിജയലക്ഷ്മി.
തൃശ്ശൂര്‍ കുന്നത്തങ്ങാടി സ്വദേശി സന്തോഷാണ് വരന്‍. മാര്‍ച്ച് 29ന് രാവിലെ 9നും 11.30നും ഇടയ്ക്ക് വൈക്കം മഹാദേവ ക്ഷേത്രത്തിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്.