വൈക്കം വിജയലക്ഷ്മി ഇനി കാഴ്ചയുടെ ലോകത്തിലേക്ക്;നേരിയതോതില്‍ കാഴ്ച ലഭിച്ചു തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍

കോട്ടയം: അന്ധതയെ സംഗീതം കൊണ്ടു തോല്‍പ്പിച്ച പ്രതിഭയാണ് വൈക്കം വിജയലക്ഷ്മി .ജനിച്ചനാള്‍ മുതല്‍ നിറമുള്ള ലോകത്തെക്കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞു കേട്ടറിവുമാത്രമാണ് വിജയലക്ഷ്മിക്ക് ഉള്ളത്. വൈക്കം വിജയലക്ഷ്മി ഇനി കാഴ്ചയുടെ ലോകത്തിലേക്ക് വരികയാണ്.വിജയലക്ഷ്മിക്ക് നേരിയതോതില്‍ കാഴ്ച ലഭിച്ചു തുടങ്ങിയതായി ഇവരെ ചികിത്സിക്കുന്ന ഡോക്ടര്‍ ദമ്പതികളായ ശ്രീകുമാറും ശ്രീവിദ്യയും പറഞ്ഞു. അധികം വൈകാതെ കാഴ്ച പൂര്‍ണമായും ലഭിക്കുമെന്നാണ് വിശ്വാസമെന്നും ഇവര്‍ പറഞ്ഞു. നിലവില്‍ പ്രകാശം തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. കൂടാതെ വളരെ അടുത്തുള്ള വസ്തുക്കളെ നിഴല്‍പോലെ കാണാനും സാധിക്കും.ഹോമിയോ ഡോക്ടര്‍മാരായ ശ്രീകുമാറും ശ്രീവിദ്യയും സ്വയം വികസിപ്പിച്ചെടുത്ത ചികിത്സാവിധിപ്രകാരമുള്ള ചികിത്സയാണ് നല്‍കുന്നത്. ഏകദേശം പത്തുമാസം നീണ്ടുനിന്ന ചികിത്സയ്‌ക്കൊടുവിലാണ് വിജയലക്ഷ്മി പ്രകാശത്തെ തിരിച്ചറിഞ്ഞു തുടങ്ങിയതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തന്റെ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍നിന്ന, തന്റെ കണ്ണായി കൂടെനിന്ന അച്ഛനെയും അമ്മയെയുമാണ് കാഴ്ച തിരിച്ചുകിട്ടിയാല്‍ വിജയലക്ഷ്മിക്ക് ആദ്യം കാണേണ്ടത്. പിന്നീട് തന്റെ കഴുത്തില്‍ താലിചാര്‍ത്താന്‍ പോകുന്നയാളെയും. ഓരോ ദിവസം ചെല്ലുന്തോറും പ്രകാശം തിരിച്ചറിയാനുള്ള ശേഷി വര്‍ധിക്കുന്നുണ്ടെന്ന് വിജയലക്ഷ്മി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.