പനീര്‍ശെല്‍വത്തിന് തിരിച്ചടി; പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രി; വൈകിട്ട് സത്യപ്രതിജ്ഞ; 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം ; കൂവത്തൂരില്‍ ആഹ്ലാദ പ്രകടനം

ചെന്നൈ : അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനിസാമി ഇന്നു വൈകിട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ശശികലയുടെ വിശ്വസ്തനായ പളനിസാമിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ക്ഷണിച്ചതോടെയാണ് ദിവസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് വിരമാമാകുന്നത്. എന്നാല്‍ 15 ദിവസത്തിനകം പളനിസാമി സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.വാര്‍ത്ത പുറത്തുവന്നതോടെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുകയാണ്.ഏറെ സമയത്തെ ചര്‍ച്ചയ്ക്കു ശേഷമാണ് ഗവര്‍ണര്‍ പളനിസ്വാമിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിയോഗിച്ചത്.അമ്മയുടെ വിജയം എന്നാണ് നടപടിയെ പാര്‍ട്ടി വിശേഷിപ്പിച്ചത്. എടപ്പാടി പളനിസാമിയും കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും ഇന്നലെ രാജ്ഭവനിലെത്തി അവകാശവാദം ഉന്നയിച്ചിരുന്നു. 124 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നായിരുന്നു എടപ്പാടിയുടെ അവകാശവാദം. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നത്. തമിഴ്‌നാട്ടില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനുമേല്‍ സമ്മര്‍ദമേറുന്നതിനിടെയായിരുന്നു പുതിയ നീക്കം. പനീര്‍സെല്‍വത്തെയും പളനിസാമിയെയും നിയമസഭയില്‍ വിശ്വാസ വോട്ട് തേടാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുമെന്നായിരുന്നു പൊതുവിലയിരുത്തല്‍.

© 2024 Live Kerala News. All Rights Reserved.