ഗവര്‍ണര്‍ ക്ഷണിച്ചെന്ന് എടപ്പാടി പളനിസാമി; രാജ്ഭവനില്‍ കൂടിക്കാഴ്ച; പ്രതീക്ഷയോടെ അണ്ണാ ഡിഎംകെ

ചെന്നൈ: എ.ഐ.എ.ഡി.എം.കെ നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനിസാമിക്ക് രാജ്ഭവനിലേക്ക് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്റെ ക്ഷണം.ഇന്ന് ഉച്ചയ്ക്ക് 12.30 ന് അദ്ദേഹം ഗവര്‍ണറെ കാണും. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ക്ഷണമാണെന്ന പ്രതീക്ഷയിലാണ് അണ്ണാഡിഎംകെ നേതൃത്വം.എടപ്പാടി പളനിസാമിയും കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും ഇന്നലെ രാജ്ഭവനിലെത്തി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍, പളനിസാമിയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത് കൃത്യമായ രീതിയിലാണോ എന്ന് ഗവര്‍ണര്‍ ചോദിച്ചിരുന്നു. എംഎല്‍എമാരുടെ പിന്തുണ അറിയിക്കുകയും എടപ്പാടിക്കു മുന്നിലുള്ള കടമ്പയാണ്. തമിഴ്‌നാട്ടില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനുമേല്‍ സമ്മര്‍ദമേറുകയാണ്. മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാന്‍ നിയമസഭാതലത്തില്‍ കോംപോസിറ്റ് വോട്ടിങ് അഥവാ സമഗ്ര വോട്ടിങ്ങിനുള്ള സാധ്യതയാണ് കൂടുതല്‍. വിഷയത്തില്‍ ഇന്നു തന്നെ ഗവര്‍ണര്‍ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വവും ഭരണസ്തംഭനവും പുതിയ തലത്തിലേക്ക് നീങ്ങുന്നതിനിടെയാണ് എടപ്പാടി വീണ്ടും ഗവര്‍ണറെ കാണുന്നത്. പനീര്‍സെല്‍വവും എടപ്പാടിയും ഇന്നലെ രാത്രിയും രാജ്ഭവനിലെത്തി സത്യപ്രതിജ്ഞക്കായി അവകാശവാദമുന്നയിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.