പുഷ്‌കരം മേളയ്ക്ക് ആവശ്യമായ ഒരുക്കങ്ങള്‍ ചെയ്തിരുന്നില്ലെന്ന് സര്‍ക്കാര്‍

 

ഹൈദരാബാദ്: പുഷ്‌കരം മേളയോടനുബന്ധിച്ച് ആവശ്യമായ ഒരുക്കങ്ങള്‍ ചെയ്തിരുന്നില്ലെന്ന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. സൗകര്യങ്ങളിലെ വീഴ്ചയാണ് അപകടത്തിനു കാരണമെന്ന് സര്‍ക്കാര്‍ ഏറ്റുപറഞ്ഞു. ദുരന്തത്തിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായി വനംവകുപ്പ് മന്ത്രി ഗോപാല്‍ കൃഷ്ണ റെഡ്ഡി പറഞ്ഞു. ഇത്രയും അധികം ആളുകള്‍ മേളയ്‌ക്കെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. മേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവര്‍ക്കും സഹായം നല്‍കുമെന്നും റെഡ്ഡി പറഞ്ഞു. പുഷ്‌കര ഉല്‍സവത്തിനായി കോടികള്‍ ചെലവഴിച്ചു കുളിക്കടവുകളുടെ നവീകരണം അടക്കം വന്‍ ഒരുക്കങ്ങള്‍ നടത്തിയതായി നായിഡു നേരത്തേ അവകാശപ്പെട്ടിരുന്നു.

സംഭവത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുശോചിച്ചു. തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി ആവശ്യമായ സുരക്ഷ ഒരുക്കണം. മേളയ്ക്കിടെ നിരവധിപ്പേര്‍ മരിച്ചുവെന്നത് ദുഖകരമായ ഒന്നാണ്. അവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം, മേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 27 പേരാണ് മരിച്ചത്. സ്ത്രീകളാണ് മരിച്ചവരില്‍ അധികവും. 12 വര്‍ഷത്തിലെരിക്കല്‍ നടക്കുന്ന പ്രധാന സ്‌നാനോല്‍സവമാണിത്. ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു ദുരന്തം. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പുണ്യസ്‌നാനം നടത്തിക്കൊണ്ടാണു മേള ഉദ്ഘാടനം ചെയ്തത്. അദ്ദേഹമടക്കമുള്ള വിഐപികള്‍ കുളിച്ചുകയറുന്നതു വരെ ഗേറ്റുകള്‍ അടച്ചു ഭക്തജനങ്ങളെ തടഞ്ഞുനിര്‍ത്തിയിരിക്കുകയായിരുന്നു. ഇതിനുശേഷം ഗേറ്റുകള്‍ തുറന്നപ്പോഴുണ്ടായ വന്‍തിരക്കാണ് അപകടത്തിനു വഴിവച്ചത്. അപകടവിവരമറിഞ്ഞു നായിഡു നേരിട്ട് കണ്‍ട്രോള്‍ റൂമില്‍ എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു

144 വര്‍ഷത്തിലൊരിക്കല്‍ മാത്രം വരുന്ന മഹാപുഷ്‌കരവും ഇത്തവണയായിരുന്നതുകെണ്ട് അഭൂതപൂര്‍വമായ തിരക്കായിരുന്നു. കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതി അടക്കമുള്ള പ്രമുഖരും എത്തിയിരുന്നു. കുളിക്കടവുകളിലേക്കുള്ള ഗേറ്റുകള്‍ സമയത്തു തുറക്കാതിരുന്നതാണു ദുരന്തത്തിനു വഴിവച്ചതെന്നു സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.