ലാഹോറില്‍ ചാവേറാക്രമണം;18 മരണം; 60 പേര്‍ക്ക് പരുക്ക്; കൊല്ലപ്പെട്ടവരില്‍ ഡിഐജിയും എസ്എസ്പിയും; കനത്ത സുരക്ഷ

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ലാഹോറില്‍ ചാവേറാക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഡിഐജിയും എസ്എസ്പിയുമുണ്ട്. സര്‍ക്കാരിന്റെ മരുന്നുനയത്തില്‍ പ്രതിഷേധിച്ച് ഫാര്‍മസിസ്റ്റുകള്‍ നടത്തിയ പ്രതിഷേധ റാലിക്കിടെയായിരുന്നു സ്‌ഫോടനം. പൊലീസ് ഉദ്യോഗസ്ഥരായിരുന്നു ചാവേറിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു.ട്രാഫിക് ഡിഐജി അഹമ്മദ് മോബിന്‍, എസ്എസ്പി സാഹിദ് നവാസ് ഗോണ്ടല്‍, ഡിഎസ്പി പര്‍വേസ് ബട്ട് എന്നിവരും മറ്റ് മൂന്ന് പൊലീസുകാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സ്‌ഫോടനം നടന്ന പ്രദേശത്ത് നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിഷേധ റാലി നടത്തിയവരുമായി പൊലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ചയ്‌ക്കെത്തിയ സമയത്തായിരുന്നു സ്‌ഫോടനം. ഈ സമയം ചാവേര്‍ ഒരു ബൈക്കില്‍ ഇവരുടെ അടുത്തെത്തുന്നതും പൊട്ടിത്തെറിക്കുന്നതും ടിവി ദൃശ്യങ്ങളില്‍ കാണാം. ആക്രമണത്തെ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും സൈനിക മേധാവി ജനറല്‍ ബജ്‌വയും അപലപിച്ചു. സ്‌ഫോടനത്തെത്തുടര്‍ന്ന് ഇസ്‌ലാമാബാദിലും സുരക്ഷ ശക്തമാക്കി.

© 2024 Live Kerala News. All Rights Reserved.