കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ മോദി സൊമാലിയ പോലുള്ള രാജ്യം ഭരിക്കേണ്ടി വരുമായിരുന്നു;അഴിമതിയുണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തെ വികസനപാതയിലെത്തിച്ചതു കോണ്‍ഗ്രസ് ഭരണമാണ്; കോണ്‍ഗ്രസിനെ പ്രകീര്‍ത്തിച്ച് ശിവസേന മുഖപത്രമായ സാമ്‌ന

മുംബൈ:കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ സേവനങ്ങളെ പ്രകീര്‍ത്തിച്ച് ശിവസേന പാര്‍ട്ടി മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയല്‍.’അഴിമതിയുണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തെ വികസനപാതയിലെത്തിച്ചതു കോണ്‍ഗ്രസ് ഭരണമാണ്. കഴിഞ്ഞ 60 വര്‍ഷം രാജ്യംഭരിച്ച പ്രധാനമന്ത്രിമാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ നരേന്ദ്ര മോദിക്കു സൊമാലിയ പോലൊരു രാജ്യം ഭരിക്കേണ്ടി വരുമായിരുന്നുവെന്നു ശിവസേന. ഇന്ദിരാ ഗാന്ധി 1971ല്‍ പാക്കിസ്ഥാനെ പാഠം പഠിപ്പിച്ചു. അവര്‍ ദേശവിരുദ്ധരെ സംബന്ധിച്ച് ഇരട്ടത്താപ്പു കാട്ടിയില്ല. ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചു. എന്നാല്‍, നോട്ടു റദ്ദാക്കല്‍ പോലുള്ള നടപടികളിലുടെ ദരിദ്രരെ ദ്രോഹിച്ചില്ല. അവരെ ദുര്‍ഗ എന്നു വിളിച്ചത് അടല്‍ ബിഹാരി വാജ്‌പേയിയാണ്. രാജ്യത്തു കംപ്യൂട്ടറുകള്‍ കൊണ്ടുവന്നതു രാജീവ് ഗാന്ധിയാണ്. സാങ്കേതിക രംഗത്ത് ഇന്ത്യന്‍ വികസനത്തിന് അടിത്തറയിട്ടതും രാജീവാണ്. നരസിംഹ റാവുവും മന്‍മോഹന്‍ സിങ്ങും സാമ്പത്തിക തകര്‍ച്ചയില്‍നിന്നു രാജ്യത്തെ രക്ഷിച്ചു എന്നും സാമ്‌നയുടെ എഡിറ്റോറിയലില്‍ പറയുന്നു.നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് മോദിയെ വിമര്‍ശിച്ച് നേരത്തെ സാമ്‌നയില്‍ ലേഖനമെഴുതിയിരുന്നു. നോട്ട് നിരോധനമെന്ന അണുബോംബിട്ട് മോദി ഇന്ത്യയെ ഹിരോഷിമയും നാഗസാക്കിയുമാക്കിയെന്നായിരുന്നു വിമര്‍ശനം.

© 2024 Live Kerala News. All Rights Reserved.