യുപിയില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; ആദ്യഘട്ടത്തില്‍ 73 മണ്ഡലങ്ങള്‍;പ്രതീക്ഷയോടെ പാര്‍ട്ടികള്‍; വോട്ടെണ്ണല്‍ മാര്‍ച്ച് 11ന്

ലക്‌നോ: ഉത്തര്‍ പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. സംസ്ഥാനത്ത് ആകെയുള്ള 403 സീറ്റുകളില്‍ പടിഞ്ഞാറന്‍ യു.പിയിലെ 73 സീറ്റുകളിലേക്കാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുക. ഏഴു ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ ബാക്കി ഘട്ടങ്ങള്‍ ഫെബ്രുവരി 15, 19, 23, 27, മാര്‍ച്ച് നാല്, എട്ട് എന്നീ തീയതികളിലായി നടക്കും. മാര്‍ച്ച് 11നാണ് ഫലപ്രഖ്യാപനം.മഥുരയില്‍ 6.30ഓടെ തന്നെ ജനങ്ങളുടെ നിര നീണ്ടിരുന്നു. കൃത്യം ഏഴുമണിക്ക് പോളിങ് തുടങ്ങി. ദാദ്രി, ഗ്രേറ്റര്‍ നോയിഡ, ഷമില്‍,ഭഗ്പത് എന്നിവിടങ്ങളിലെല്ലാം വോട്ടിങ്ങ് തുടങ്ങി.മഥുരയിലെ ഗേവര്‍ദ്ധനിലുള്ള ഒരു ബൂത്തിലും ഭഗ്പതിലെ രണ്ടു ബൂത്തുകളിലും ഇലക്‌ട്രോണിക് മെഷീന്‍ പ്രവര്‍ത്തിക്കാത്തത് മൂലം വോട്ടിങ്ങ് വൈകി. മെഷീന്‍ പ്രവര്‍ത്തനക്ഷമമാക്കന്‍ ശ്രമം നടക്കുന്നു.
ബിജെപിക്ക് ദേശീയ തലത്തില്‍ വളരെയേറെ നിര്‍ണായകമാണ് തെരഞ്ഞെടുപ്പ്. 2014ല്‍ അധികാരത്തില്‍ എത്തിയ മോഡി സര്‍ക്കാരിന്റെ ചെറു വിധിയെഴുത്തായിരിക്കും യുപി തെരഞ്ഞെടുപ്പ് എന്നാണ് പൊതുവേ കരുതുന്നത്. അതിനാല്‍ തന്നെ യുപിയിലെ വിജയമോ പരാജമോ ബിജെപിയെ ബാധിക്കും. നോട്ട് നിരോധനവും സര്‍ജികല്‍ സ്‌ട്രൈക്ക് അടക്കമുള്ള മോഡിയുടെ നടപടിയെ എങ്ങനെയാണ് ജനങ്ങള്‍ കാണുന്നതെന്നാണ് അറിയേണ്ടത്. എസ്പിയെ സംബന്ധിച്ച് മുലായം കുടുംബത്തില്‍ വഴക്കുണ്ടായി അഖിലേഷിലേക്ക് അധികാരം കേന്ദ്രീകരിച്ചത് പ്രതിസന്ധിയായോ എന്നാണ് ഈ തെരഞെടുപ്പ് തെളിയിക്കുക. കോണ്‍ഗ്രസിനെ കൂടെ നിര്‍ത്തി വീണ്ടും അധികാരത്തിലെത്തുക എന്ന അഖിലേഷിന്റെ തന്ത്രം എത്രത്തോളം വിജയമാവുമെന്നും ഈ തെരഞ്ഞെടുപ്പ് പരിശോധിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും യുപിയില്‍ നേടാതിരുന്ന മായാവതിയുടെ ബിഎസ്പിയെ സംബന്ധിച്ചിടത്തോളം ജീവന്‍മരണ പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്.

© 2024 Live Kerala News. All Rights Reserved.