മലപ്പുറം ഫൈസല്‍ വധക്കേസില്‍ മുഖ്യ സൂത്രധാരനായ ആര്‍എസ്എസ് നേതാവ് മഠത്തില്‍ നാരായണന്‍ അറസ്റ്റില്‍

മലപ്പുറം: ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞിയില്‍ ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ സൂത്രധാരന്‍ പിടിയില്‍ . ആര്‍എസ്എസ് തിരൂര്‍ താലൂക്ക് സഹ കാര്യവാഹകായ തിരൂര്‍ തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി. മോഹനചന്ദ്രന് മുമ്പാകെ കീഴടങ്ങുകയായിരുന്നു ഇയാള്‍. കേസിലെ പത്താം പ്രതിയാണു നാരായണന്‍. ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞിയില്‍ ഫൈസലിനെ ആര്‍എസ്എസ് പ്രവര്‍ത്തകരായ ബന്ധുക്കള്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഫൈസലിനെ കൊല്ലാന്‍ പദ്ധതിയിട്ടതിലും കൊലപാതകം ആസൂത്രണം ചെയ്തതിലും മുഖ്യപങ്ക് വഹിച്ചത് നാരായണന്‍ ആയിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഫൈസല്‍ വധക്കേസിലെ കേസിലെ മുഖ്യപ്രതിയായ ബിബിന്‍ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലായിരുന്നു. തുടര്‍ന്നു നാരായണനും കീഴടങ്ങുകയായിരുന്നു. ഇതോടെ ഫൈസല്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 15 പേരും പിടിയിലായി. ഗള്‍ഫില്‍ വച്ച് ഇസ്ലാം മതം സ്വീകരിച്ച ഫൈസല്‍ നാട്ടിലെത്തിയപ്പോഴാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. ഫൈസലിനൊപ്പം ഭാര്യയും രണ്ട് മക്കളും ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഭാര്യയുടെ കുടുംബത്തെ സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകവേയായിരുന്നു ഫൈസല്‍ കൊല്ലപ്പെട്ടത്.

© 2024 Live Kerala News. All Rights Reserved.