മലപ്പുറം ഫൈസല്‍വധക്കേസിലെ മുഖ്യപ്രതികളായ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍;പിടിയിലായത് ബാബു, കുട്ടാപ്പു, അപ്പൂസ്

മലപ്പുറം : കൊടിഞ്ഞി ഫൈസല്‍വധക്കേസിലെ മുഖ്യപ്രതികളെ പൊലീസ് പിടികൂടി. മലപ്പുറം പുല്ലൂന്നി സ്വദേശികളായ അപ്പൂസ്, ബാബു, കുട്ടാപ്പു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ ബാബുവിന്റെ അറസ്റ്റ് ഇന്നലെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മറ്റുളള രണ്ടുപേരുടെ അറസ്റ്റ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.കഴിഞ്ഞ ദിവസം മുഖം മറച്ചാണ് പൊലീസ് ബാബുവിനെ കോടതിയില്‍ ഹാജരാക്കിയിരുന്നത്. പ്രതികള്‍ മൂന്നുപേരും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെയാണെന്ന് കേസിന്റെ അന്വേഷണ ചുമതലയുളള സിഐ ഹനീഫ അറിയിച്ചു. നേരത്തെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ സഹോദരി ഭര്‍ത്താവടക്കം എട്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. സഹോദരി ഭര്‍ത്താവ് വിനോദ്, ഹരിദാസ്, ഷാജി, സുനി, ലികേഷ്, പ്രദീപ്, സതീഷ്, ജയപ്രകാശ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫൈസലിന്റെ കുടുംബത്തില്‍ നിന്നും കൂടുതല്‍പേര്‍ മതം മാറി ഇസ്ലാമിലേക്ക് പോകുന്നത് തടയാനായിരുന്നു കൊലപാതകമെന്നും ഇത് ആസൂത്രിതമാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്ലാം മതം സ്വീകരിച്ച ഫൈസല്‍ നവംബര്‍ 19ന് പുലര്‍ച്ചെയാണ് കൊടിഞ്ഞിയില്‍ വച്ച് കൊല്ലപ്പെട്ടത്. ഗള്‍ഫില്‍ വച്ചാണ് ഫൈസല്‍ മതം മാറിയത്. ഫൈസലിനൊപ്പം ഭാര്യയും രണ്ട് മക്കളും ഇസ്ലാം മതം സ്വീകരിച്ചു. ഗള്‍ഫിലേക്ക് പോകുന്നതിന്റെ തലേദിവസമായിരുന്നു നവംബര്‍ 19 ശനിയാഴ്ച്ച പുലര്‍ച്ചെ നാലിന് ഫൈസല്‍ കൊല്ലപ്പെട്ടത്. വെളുപ്പിനെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഭാര്യയുടെ അച്ഛനെയും അമ്മയെയും കൂട്ടിക്കൊണ്ടുവരാന്‍ പോകുമ്പോഴായിരുന്നു കൊലപാതകം. ഫൈസലിന്റെ കൊലപാതകത്തിനുശേഷം അമ്മയും ഇസ്ലാം മതം സ്വീകരിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.