കൈലാഷ് സത്യാര്‍ഥിയുടെ വസതിയില്‍ മോഷണം; നൊബേല്‍ സമ്മാനം നഷ്ടപ്പെട്ടു; പണവും ആഭരണവും കവര്‍ന്നു;മോഷണം നടന്നത് ഡല്‍ഹിയിലെ അളകനന്ദയില്‍

ന്യൂഡല്‍ഹി : : നൊബേല്‍ പുരസ്‌കാര ജേതാവും സാമൂഹികപ്രവര്‍ത്തകനുമായ കൈലാഷ് സത്യാര്‍ഥിയുടെ  വസതിയില്‍ മോഷണം. ഇദ്ദേഹത്തിന്റെ ഡല്‍ഹിയിലെ വസതിയില്‍ ഇന്നലെ രാത്രി നടന്ന മോഷണത്തിലാണ് നൊബേല്‍പുരസ്‌കാരവും പുരസ്‌കാര തുകയും നഷ്ടമായത്. ഇതിനൊപ്പം തന്നെ സ്വര്‍ണാഭരണവും പണവും മോഷണം പോയിട്ടുണ്ട്.
ദക്ഷിണ ദല്‍ഹിയിലെ അളകനന്ദയിലാണ് മോഷണം നടന്നത്. രാവിലെ കതക് തകര്‍ന്നത് കിടക്കുന്നത് കണ്ട അയല്‍വാസികളാണ് സത്യാര്‍ത്ഥിയെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. 2014ല്‍ മലാല യൂസഫ്‌സായിക്കൊപ്പം സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരമാണ് സത്യാര്‍ഥിക്ക് ലഭിച്ചത്. എന്‍ജിനീയറിങ് അധ്യാപകനായിരുന്ന കൈലാഷ് തനിക്കു ലഭ്യമാകുമായിരുന്ന സുഖസൗകര്യങ്ങള്‍ ത്യജിച്ച് ചെറുപ്രായത്തില്‍ തന്നെ കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതിനുവേണ്ടി ഇറങ്ങിത്തിരിക്കുകയായിരുന്നു. ബച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടനയിലൂടെ ആയിരക്കണക്കിനു കുട്ടികളെയാണു പലവിധ ചൂഷണങ്ങളില്‍നിന്നും ഇതിനകം അദ്ദേഹം രക്ഷപ്പെടുത്തിയത്.

© 2024 Live Kerala News. All Rights Reserved.