ജനിച്ച് മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കാല്‍ ആശുപത്രി ജീവനക്കാരന്‍ ഒടിച്ചു; കൊടുംക്രൂരതയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി : ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ ജനിച്ച് മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കാല്‍ ആശുപത്രി ജീവനക്കാരന്‍ ബലംപ്രയോഗിച്ച് ഒടിച്ചു.കുഞ്ഞ് കരഞ്ഞതില്‍ രോഷാകുലനായാണ് മനുഷ്യത്വരഹിതമായ പ്രവര്‍ത്തി. റൂര്‍ക്കിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കുട്ടികളുടെ ഐസിയുവിലെ ജോലിക്കാരനാണ് പ്രതി. കൊടുംക്രൂരതയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ശ്വാസസംബന്ധമായ രോഗബാധയെത്തുടര്‍ന്ന് ഐസിയുവിലായിരുന്ന കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതു കൊണ്ടാണത്രേ അറ്റന്‍ഡറുടെ ഈ കൊടും ക്രൂരത ചെയ്തത്. രാത്രിയില്‍ ഡ്യൂട്ടിക്കിടെ ഉറങ്ങാന്‍ കഴിയാത്തതിലെ ദേഷ്യമാണ് കുഞ്ഞിനോട് തീര്‍ത്തത്. കാലിന് ഒടിവ് സംഭവിച്ചതിന് ശേഷം കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായി. ഡെറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
ഡെറാഡൂണിലെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടിയുടെ കാലൊടിഞ്ഞ കാര്യം മാതാപിതാക്കള്‍ക്ക് മനസിലായതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതും. കുറ്റക്കാരനായ അറ്റന്‍ഡറെ കസ്റ്റഡിയിലെടുത്ത പൊലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

© 2024 Live Kerala News. All Rights Reserved.