ന്യൂഡല്‍ഹി: മുസ്ലിംലീഗ് ദേശീയ അധ്യക്ഷനും മുന്‍കേന്ദ്രമന്ത്രിയും നിലവില്‍ എംപിയുമായ ഇ. അഹമ്മദിന്റെ നിര്യാണം കേന്ദ്ര ബജറ്റ് അവതരണ നടപടികളെ ബാധിച്ചേക്കും. ബജറ്റ് മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതായാണ് വിവരം. ബജറ്റ് മാറ്റിയില്ലെങ്കില്‍ സഭ ബഹിഷ്‌കരിക്കുമെന്നും പ്രതിപക്ഷം അറിയിച്ചു. ഇനി ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ലോക്‌സഭാ സ്പീക്കറാണ്.നിലവില്‍ പാര്‍ലമെന്റിലെ ഒരംഗം മരണപ്പെട്ടാല്‍ ആദരവ് പ്രകടിപ്പിച്ച് പാര്‍ലമെന്റിന്റെ സ്വാഭാവിക നടപടികള്‍ നിര്‍ത്തിവെക്കാറുണ്ട്. സഭ ചേര്‍ന്ന് അനുശോചന പ്രമേയം അവതരിപ്പിച്ച ശേഷമായിരിക്കും നടപടികള്‍ നിര്‍ത്തിവെക്കുന്നത്. അതേസമയം, ബജറ്റ് അവതരണം സംബന്ധിച്ച വിഷയത്തില്‍ അന്തിമ തീരുമാനം രാവിലെ പത്തുമണിയോടെയുണ്ടാകും.ബജറ്റ് നേരത്തെയാക്കുന്നതിനെതിരായ വിമര്‍ശനം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ കൂടിയാണ് എംപിയായ ഇ. അഹമ്മദിന്റെ മരണം സംഭവിക്കുന്നത്. കൂടാതെ അഹമ്മദിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയ മക്കളെയും സോണിയ ഗാന്ധി അടക്കമുളള രാഷ്ട്രീയ നേതാക്കളെയും ഇന്നലെ തടഞ്ഞതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതും പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് സഭയില്‍ ഉന്നയിച്ചേക്കാം. നോട്ട് റദ്ദാക്കല്‍ നടപടിക്ക് ശേഷമുള്ള ആദ്യ ബജറ്റെന്ന നിലയിലും, അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലും ബജറ്റിന് ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് ഉള്ളത്.ഇന്നലെ ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടന്നുകൊണ്ടിരിക്കെ രാവിലെ 11.30നു പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അഹമ്മദിനെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ 2.15 നാണു മരണം സ്ഥിരീകരിച്ചത്.