ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങാണെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മാജിതയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പഞ്ചാബിന്റെ ദയനീയാവസ്ഥക്ക് കാരണം മുഖ്യമന്ത്രി പ്രകാശ് ബാദല്‍ നേതൃത്വം നല്‍കുന്ന നിലവിലെ സര്‍ക്കാറാണെന്നും രാഹുല്‍ ആരോപിച്ചു. പ്രകാശ് സിങ് ബാദലിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് സര്‍ക്കാരിനെയും ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രാഹുല്‍ ഗാന്ധി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.ഭരണത്തിലുള്ള അകാലിദള്‍ പാര്‍ട്ടി പഞ്ചാബിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഇരുട്ടിലേക്ക് തള്ളിവിടുകയാണ് ബാദല്‍ സര്‍ക്കാര്‍. പഞ്ചാബികള്‍ക്ക് തൊഴില്‍ വേണമെങ്കില്‍ നിങ്ങള്‍ ബാദലിന് പണം നല്‍കണം. തൊഴിലില്ലായ്മയെ സംബന്ധിച്ച ചോദ്യമുയര്‍ത്തേണ്ടത് ബാദലിനോടാണ്. വ്യവസായങ്ങള്‍ പഞ്ചാബിനെ ഉപേക്ഷിച്ചതിനു പിന്നിലും ഈ കുടുംബം മാത്രമാണെന്നും രാഹുല്‍ ആരോപിച്ചു. പഞ്ചാബിലെ കൃഷിക്കാര്‍ നിരാശരാണെന്നും ബാദല്‍ കുടുംബം അവരുടെ ഉറ്റവര്‍ക്കു മാത്രമാണ് സഹായം ചെയ്തിട്ടുള്ളൂവെന്നും രാഹുല്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തില്ല. ജനങ്ങളുടെ മുഖത്ത് കാര്‍മേഘങ്ങള്‍ (ബാദല്‍) കാണുമ്പോഴാണു മുഖ്യമന്ത്രിയ്ക്ക് സന്തോഷമാകുകയെന്നും രാഹുല്‍ പറഞ്ഞു. മോദി അഴിമതിക്കെതിരെ സംസാരിക്കുന്നു. പഞ്ചാബില്‍ അകാലിദള്‍ സ്ഥാനാര്‍ഥിക്കു വേണ്ടിയും പ്രചാരണത്തിനിറങ്ങുന്നു. അകാലിദള്‍ അഴിമതി നിറഞ്ഞ പാര്‍ട്ടിയാകുമ്പോള്‍ മോദിക്കെങ്ങനെ അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ സാധിക്കുന്നുവെന്നും രാഹുല്‍ ചോദിച്ചു. പഞ്ചാബിനെ നശിപ്പിച്ചത് അകാലി ദള്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചാബിലെ 70 ശതമാനം യുവാക്കളും മയക്കുമരുന്നിനടിമയാണെന്നും കോണ്‍ഗ്രസിനു മാത്രമേ പഞ്ചാബില്‍ നിന്ന് ഈ വിപത്തിനെ തുടച്ചു നീക്കാനാകൂവെന്നും രാഹുല്‍ പറഞ്ഞു.