ബിജെപിയുമായി സഖ്യത്തിനില്ല; ഒറ്റയ്ക്ക് മല്‍സരിക്കും;സഖ്യമുണ്ടാക്കിയ 25 വര്‍ഷം പാഴായിപ്പോയി; ശിവസേന

മുംബൈ :ബിജെപിയുമായുള്ള തിരഞ്ഞെടുപ്പ് സഖ്യം അവസാനിപ്പിക്കുകയാണെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മുംബൈ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും രണ്ടായി തന്നെ മല്‍സരിക്കുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. ഭാവിയിലും ബിജെപിയുമായി ഒരുതരത്തിലുള്ള സഖ്യവും ഉണ്ടാവില്ലെന്നും ഉദ്ദവ് കൂട്ടിച്ചേര്‍ത്തു.ഈ നിമിഷം മുതല്‍ പോരാട്ടം ആരംഭിച്ചുവെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് താക്കറെ പറഞ്ഞു. ശിവസേനയുടെ 50 വര്‍ഷത്തിനിടെ 25 കൊല്ലവും സഖ്യത്തിന്റെ പേരിലാണ് കളഞ്ഞത്. അധികാരത്തോട് അമിതമായ ആഗ്രഹമില്ലെന്നും ഉദ്ധവ് താക്കറെ അണികളോട് പറഞ്ഞു.എന്‍സിപി നേതാവ് ശരദ് പവാറിന് പത്മവിഭൂഷണ്‍ പുരസ്‌കാരം നല്‍കിയതിനു പിന്നാലെയാണ് ഉദ്ധവിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. പ്രാദേശിക തിരഞ്ഞെടുപ്പില്‍ ബിജെപി, എന്‍സിപിയുമായി അടുക്കുന്നതിന്റെ സൂചനയാണ് പുതിയ ഈ നീക്കമെന്നാണ് കരുതുന്നത്. 2014ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സമയത്താണ് കോണ്‍ഗ്രസുമായുണ്ടായിരുന്ന സഖ്യം എന്‍സിപി പിരിഞ്ഞത്. പിന്നീട് ആരുമായും സഖ്യമുണ്ടാക്കിയിട്ടില്ല. ഇത്തരം കാര്യങ്ങളുടെ സൂചനയും ഉദ്ധവിന്റെ ഇന്നത്തെ പ്രസംഗത്തിലുണ്ടായിരുന്നു. ‘പത്മഅവാര്‍ഡുകളില്‍ ഒരെണ്ണം ഗുരുദക്ഷിണയാണ്’ എന്നാണ് ശരദ് പവാറിന്റെ പേര് പറയാതെ ഉദ്ധവിന്റെ പരാമര്‍ശം.

© 2024 Live Kerala News. All Rights Reserved.