തലശ്ശേരിയില്‍ കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവേദിക്ക് സമീപം ബോംബേറ്; ഒരാള്‍ക്ക് പരുക്ക്;കുറ്റവാളികള്‍ക്ക് മാപ്പില്ലെന്ന് മുഖ്യമന്ത്രി ;പൊലീസ് സുരക്ഷ ശക്തമാക്കി

തലശ്ശേരി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവേദിക്കു സമീപം ബോംബെറിഞ്ഞു. ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.സി.പി.ഐ.എം പ്രവര്‍ത്തകനും ദേശാഭിമാനി ഏജന്റുമായ ശരത്‌ലാലിനാണു പരിക്കേറ്റത്. തലശ്ശേരി നങ്ങാരത്ത് പീടികയില്‍ സി.പി.ഐ.എം സംഘടിപ്പിച്ച കെ.പി ജിജേഷ് സ്മാരക മന്ദിരം ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ ആളാണ് ബോംബെറിഞ്ഞതെന്ന് നേതാക്കള്‍ പറഞ്ഞു.പ്രവര്‍ത്തകര്‍ ബൈക്കിനെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. അക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.ഐ.എം നേതാക്കള്‍ പറഞ്ഞു. സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങാതിരിക്കാന്‍ പൊലീസ് സുരക്ഷ ശക്തമാക്കി. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിയന്ത്രണം വിട്ട ആക്രമണോത്സുകതയാണിത്. സംഭവത്തെ അതിശക്തമായി അപലപിക്കുന്നു. കുറ്റവാളികള്‍ക്ക് മാപ്പില്ലെന്നും പിണറായി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. ബോംബേറില്‍ പ്രതിഷേധിച്ച് കൊല്ലത്തും കോഴിക്കോട്ടും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വടകര കോട്ടപ്പള്ളിയിലെ ബിജെപി ഓഫിസ് സിപിഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. പ്രകടനവുമായെത്തിയാണ് ഓഫിസ് അടിച്ചു തകര്‍ത്തത്.

© 2024 Live Kerala News. All Rights Reserved.