തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരിക്കെ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ ഇന്റലിജന്‍സ് മേധാവി എഡിജിപി ആര്‍.ശ്രീലേഖയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ശ്രീലേഖയ്‌ക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. പദവി ദുരുപയോഗം അടക്കമുള്ള ഒന്‍പത് ആരോപണങ്ങളിലാണ് അന്വേഷണം നടത്തിയത്.ശ്രീലേഖക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തിയത് മുന്‍ ഗതാഗത കമ്മീഷണറായിരുന്ന ടോമിന്‍ തച്ചങ്കരിയാണ്. ഇദ്ദേഹമാണ് വിജിലന്‍സ് അന്വേഷണം വേണമെന്ന് ശുപാര്‍ശ ചെയ്തതും.
റോഡ് സുരക്ഷാ അതോറ്റിയെ തെറ്റിദ്ധരിപ്പിച്ച് 14 വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ചെക്ക് ചീഫ് സെക്രട്ടറിയെ തെറ്റിദ്ധരിപ്പിച്ച് ഒപ്പിട്ട് വാങ്ങി. അവധിയില്‍ പ്രവേശിച്ച ശേഷവും ഔദ്യോഗിക ആവശ്യത്തിന് അനുവദിച്ച വാഹനം ഓഫീസില്‍ തിരികെ ഏല്‍പ്പിക്കാതെ സ്വന്തം ആവശ്യത്തിനും ഭര്‍ത്താവിന്റെ ആവശ്യത്തിനും ഉപയോഗിച്ചു. അവധിയില്‍ പ്രവേശിച്ച് വിദേശത്ത് പോയ കാലയളവില്‍ ഔദ്യോഗിക കാര്യങ്ങള്‍ക്ക് നല്‍കിയിരുന്ന മൊബൈല്‍ ഫോണ്‍, ലാപ് ടോപ് എന്നിവ തിരികെ ഏല്‍പ്പിച്ചില്ല.വിദേശത്തായിരുന്ന കാലത്ത് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജായി ഏകദേശം 25,000 രൂപ അടയ്‌ക്കേണ്ടി വന്നു. ലണ്ടനില്‍ സ്വകാര്യ പഠനാര്‍ഥം അവധിയില്‍ പ്രവേശിച്ചെങ്കിലും സര്‍ക്കാര്‍ അനുമതിയില്ലാതെ ഓസ്ട്രിയ, ഫ്രാന്‍സ്,ജര്‍മ്മനി, ബഹ്‌റിന്‍, ദുബായ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ വീട് പണിക്ക് പോലീസ് വാഹനവും വകുപ്പ് വാഹനങ്ങളും ഇരുവകുപ്പിലേയും ഉദ്യോഗസ്ഥരേയും അനധികൃതമായി ഉപയോഗിച്ചതും ടോമിന്‍ തച്ചങ്കരി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ കണ്ടെത്തലുകളെല്ലാമാണ് കഴമ്പില്ലെന്ന് വ്യക്തമാക്കി വിജിലന്‍സ് തള്ളിയത്.