റോം: മഞ്ഞുമലയിടിഞ്ഞ് വീണ് ഇറ്റലിയിലെ ഒരു ഹോട്ടല്‍ പൂര്‍ണ്ണമായി മൂടിപ്പോയി.ഹോട്ടലിലെ ജീവനക്കാരും താമസക്കാരും മഞ്ഞിനടിയില്‍പെട്ടു. നിരവധിപേര്‍ മരിച്ചിട്ടുണ്ടെന്ന് മൗണ്ടന്‍ റെസ്‌ക്യൂ ടീം തലവന്‍ അന്റോണിയോ ക്രെസെറ്റോ പറഞ്ഞു.
ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നാണ് മഞ്ഞുമലയിടിഞ്ഞത്. രക്ഷാപ്രവര്‍ത്തം പുരോഗമിക്കുന്നു. അബ്രുസോ മേഖലയിലെ ഗ്രാന്‍ സാസോ പര്‍വതത്തിന് സമീപത്തുള്ള ഹോട്ടലിലാണ് അപകടം നടന്നത്. അപകടം നടക്കുന്ന സമയത്ത് 30 ഓളം പേര്‍ ഹോട്ടലിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടത്തിന്റെ മേല്‍ക്കൂര പകുതി തകര്‍ന്നുവീണതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ എമര്‍ജന്‍സി സര്‍വീസിനെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ ശീതക്കാറ്റിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടം നടന്ന സ്ഥലത്ത് എത്താനായില്ല. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ നാലു മണിയോടെയാണ് ആദ്യ സംഘം അപകടം നടന്ന സ്ഥലത്ത് എത്തിയതെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മധ്യ ഇറ്റലിയിലെ പര്‍വതപ്രദേശത്ത് ബുധനാഴ്ച നാലു ശക്തമായ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. കൂടാതെ രാത്രിയില്‍ ചെറുഭൂകമ്പങ്ങളും അനുഭവപ്പെട്ടിരുന്നു. അബ്രുസോ, മാര്‍ചേ, ലാസ്യോ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ചയുണ്ടായിരുന്നു.