നോട്ടുനിരോധനമെന്ന ബോംബിട്ട് മോദി ഇന്ത്യയെ ഹിരോഷിമയും നാഗസാക്കിയുമാക്കി; പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന

ന്യൂഡല്‍ഹി: നോട്ടുനിരോധനം എന്ന ബോംബിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ ഹിരോഷിമയും നാഗസാക്കിയുമാക്കി മാറ്റിയെന്ന് എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന.മുഖപത്രമായ സാംമ്‌നയിലെ എഡിറ്റോറിയലിലൂടെയാണ് കേന്ദ്രത്തില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേന പ്രധാനമന്ത്രിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.മോദി ഏകപക്ഷീയമായി ഇത്തരമൊരു തീരുമാനമെടുത്തതിനെ രൂക്ഷമായി വിമര്‍ശിച്ച ശിവസേന ആരുടെയും പരാതി കേള്‍ക്കാനുള്ള ‘അവസ്ഥയിലല്ല’ നരേന്ദ്രമോദിയെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഉപദേശം പോലും അദ്ദേഹം മുഖവിലക്കെടുക്കുന്നില്ലെന്നും ശിവസേന കുറ്റപ്പെടുത്തി.കാഴ്ചയും കേള്‍വിയുമില്ലാത്ത തത്തകളെ മന്ത്രിസഭയിലേക്ക് തിരഞ്ഞെടുത്തുപോലെയാണ് മോദി റിസര്‍വ് ബാങ്ക് ഗവര്‍ണറെ തിരഞ്ഞെടുത്തത്. നിരോധിക്കപ്പെട്ട കറന്‍സികള്‍ സ്വീകരിക്കാന്‍ ജില്ലാ കോര്‍പ്പറേറ്റീവ് ബാങ്കുകള്‍ക്ക് അനുമതി നല്‍കാത്ത മോദി സര്‍ക്കാര്‍ നടപടിയെയും സേന വിമര്‍ശിച്ചു. ഈ നടപടി കാരണം ബുദ്ധിമുട്ടിയത് രാജ്യത്തെ സാധാരണക്കാരായ കര്‍ഷകരാണെന്നും സേന വ്യക്തമാക്കി.നവംബര്‍ 8ന് പ്രധാനമന്ത്രി 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിച്ചതുമുതല്‍ എന്‍.ഡി.എ ഘടകകക്ഷികൂടിയായ ശിവസേന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.