യുപിയില്‍ എസ്പി-കോണ്‍ഗ്രസ് സഖ്യം;ഒന്നിച്ച് മത്സരിക്കുമെന്ന് ഗുലാം നബി ആസാദ്; ഇനിയറിയേണ്ടത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന്

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും കൈകോര്‍ക്കുന്നു. എസ്പിയുമായി ഒന്നിച്ച് മല്‍സരിക്കുമെന്ന്മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. 125 സീറ്റുകളാണ് കോണ്‍ഗ്രസിന്റെ ആവശ്യമെങ്കിലും 90 വരെ സീറ്റുകള്‍ നല്‍കിയേക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ്, ജെഡിയു, തൃണമൂല്‍, അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദള്‍, അപ്നാദളിലെ കൃഷ്ണ പട്ടേല്‍ വിഭാഗം എന്നിവരുമായി ചേര്‍ന്ന് ബിഹാര്‍ മാതൃകയില്‍ സഖ്യകക്ഷി രൂപീകരണമാണ് അഖിലേഷ് ലക്ഷ്യമിടുന്നത്. രാഷ്ട്രീയ ലോക്ദളിന് 20 മുതല്‍ 22 വരെ സീറ്റ് നല്‍കും.അതേസമയം ഇനിയറിയേണ്ടത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്നാണ് ഷീലാ ദീക്ഷിതിനെയായിരുന്നു കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നത്. എന്നാല്‍ പുതിയ സഖ്യം വരുന്നതോടെ ഷീലാ ദീക്ഷിത് ഈ സ്ഥാനത്ത് നിന്നും പിന്മാറ്റം അറിയിച്ചിട്ടുണ്ട്.അതിനിടെ, പിതാവ് മുലായം സിങ് യാദവുമായി യാതൊരു രാഷ്ട്രീയ ഭിന്നതയുമില്ലെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കി. തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ മാത്രമാണ് അഭിപ്രായ വ്യത്യാസമുള്ളത്. തിരഞ്ഞെടുപ്പില്‍ അഖിലേഷിനെതിരെ മല്‍സരിക്കുമെന്ന് മുലായം മുന്നറിയിപ്പ് നല്‍കിയിരുന്നു. പാര്‍ട്ടി ചിഹ്നമായ സൈക്കിള്‍ അഖിലേഷിന് നല്‍കാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെ കോടതിയില്‍ പോരാടുമെന്ന് മുലായം അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക ഭാരവാഹിത്വം നഷ്ടപ്പെട്ട മുലായം സിങ് യാദവിന്റെ അടുത്ത രാഷ്ട്രീയ നീക്കം എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

© 2024 Live Kerala News. All Rights Reserved.