ആറ് മാസം പ്രായമുള്ള ഭ്രൂണം നശിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി; അനുവദിച്ചത് വളര്‍ച്ചയില്ലാത്തതിനാല്‍

ന്യൂഡല്‍ഹി:ആറു മാസം വളര്‍ച്ചയുള്ള ഭ്രൂണം നശിപ്പിക്കാന്‍ മുംബൈ സ്വദേശിയായ 22 കാരിക്ക് സുപ്രീം കോടതിയുടെ അനുമതി.ഗര്‍ഭസ്ഥ ശിശുവിന് പൂര്‍ണവളര്‍ച്ചയില്ലെന്ന റിപ്പോര്‍ട്ട് പരിഗണിച്ചാണ് അനുമതി.ഗര്‍ഭസ്ഥ ശിശുവിന്റെ തലയോട്ടിക്ക് വളര്‍ച്ചയില്ലെന്നും ജനിച്ചാലും കുട്ടി ജീവിച്ചിരിക്കാന്‍ ഇടയില്ലെന്നുമുള്ള ആസ്പത്രി റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഉത്തരവ്.മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതിയുടെ ചികിത്സ. ഈ ആശുപത്രിയിലെ ഏഴംഗ വിദഗ്ധ ഡോക്ടര്‍മാരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടും കൂടി ചേര്‍ത്താണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്.24 ആഴ്ച പ്രായമായ ഭ്രൂണത്തിന് വേണ്ട വിധത്തിലുള്ള വളര്‍ച്ചയില്ല. തലയോട് വികസിക്കാത്തത് ഗര്‍ഭപാത്രത്തില്‍ നിന്നുള്ള നീക്കത്തിന് തടസമായേക്കും. ഇത് അമ്മയുടെ ജീവന് ഭീഷണിയായേക്കുമെന്നുമാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയത്. ഹര്‍ജി പരിഗണിച്ച കോടതി മാതാവിന്റെ ജീവന് ഭീഷണിയുള്ള സാഹചര്യത്തില്‍ ഭ്രൂണം നശിപ്പിക്കുന്നതിന് തടസമില്ലെന്ന് വിധിക്കുകയായിരുന്നു. പരാതിക്കാരിയുടെ ജീവന്‍ സംരക്ഷിക്കാനുള്ള അവകാശം മുന്‍ നിര്‍ത്തി മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ആക്ട് അനുസരിച്ച് ഭ്രൂണഹത്യക്ക് അനുമതി നല്‍കുകയാണെന്നാണ് കോടതി അറിയിച്ചത്. ജസ്റ്റിസ് എസ്.എ.ബോബ്ദെ, ജസ്റ്റിസ് എല്‍.നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

© 2024 Live Kerala News. All Rights Reserved.