ഗാന്ധിജിയുടെ ചിത്രം പതിച്ച ചെരുപ്പ് വില്‍പ്പനയ്ക്ക്;ആമസോണ്‍ വീണ്ടും വിവാദത്തില്‍

വാഷിങ്ടണ്‍:ഇന്ത്യന്‍ പതാകയ്ക്ക് സമാനമായ ‘ചവിട്ടി’ ഓണ്‍ലൈനില്‍ വില്‍പനക്കു വെച്ച് വിവാദത്തിലായ ആമസോണ്‍ വീണ്ടും വിവാദത്തില്‍.രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള ചെരിപ്പ് വില്‍പ്പനയ്ക്ക് വെച്ചതാണ് പുതിയ സംഭവവികാസം.ആമസോണിന്റെ യുഎസ് സൈറ്റിലാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം പതിപ്പിച്ച ചെരുപ്പുകള്‍ വില്‍പ്പനയ്ക്ക് വച്ചത്. ചിലയാളുകള്‍ ട്വിറ്ററിലൂടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവരികയായിരുന്നു. ചിത്രങ്ങളും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 16.99 യുഎസ് ഡോളര്‍ (ഏതാണ്ട് 1157 രൂപ) ആണ് ചെരുപ്പിന്റെ വിലയായി വെബ്‌സൈറ്റില്‍ കാണിച്ചിട്ടുള്ളത്.ഈ ആഴ്ചയില്‍ തന്നെയാണ് ഇന്ത്യയുടെ ദേശീയ പതാക ചിത്രീകരിച്ച ചവിട്ടുമെത്ത ആമസോണ്‍ വില്‍പ്പനയ്ക്കു വച്ചിരുന്നത്. സുഷമാ സ്വരാജ് ശക്തമായ നിലപാടെടുത്തതോടെ ഇതിന്റെ വില്‍പ്പന നിര്‍ത്തുകയായിരുന്നു. കാനഡയില്‍ ആമസോണ്‍ വില്‍ക്കുന്ന ഒരിനം ചവിട്ടുമെത്തയില്‍ ത്രിവര്‍ണ പതാക ചിത്രീകരിച്ചിട്ടുണ്ടെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന ട്വിറ്ററിലൂടെ സുഷമാ സ്വരാജ് നടത്തിയ ആക്രമണം വലിയ ചര്‍ച്ചയായിരുന്നു. ഉല്‍പന്നം പിന്‍വലിക്കുകയും ഉപാധികളില്ലാതെ മാപ്പ് പറയുകയും ചെയ്തില്ലെങ്കില്‍ ആമസോണിന്റെ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യ വീസ നല്‍കില്ലെന്നും ഇപ്പോഴുള്ള വീസകള്‍ റദ്ദാക്കുമെന്നുമാണ് സുഷമ വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് പുതിയ സംഭവം.

© 2024 Live Kerala News. All Rights Reserved.