നോട്ട് അസാധുവാക്കലിന് ശേഷമുണ്ടായ കാര്യങ്ങള്‍ അപമാനകരം; റിസര്‍വ്വ് ബാങ്കിന്റെ പ്രതിച്ഛായ മോശമായി;ഉര്‍ജിത് പട്ടേലിന് ആര്‍ബിഐ ജീവനക്കാരുടെ കത്ത്

മുംബൈ:നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷമുണ്ടായ സംഭവവികാസങ്ങള്‍ അപമാനകരമാണെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് ജീവനക്കാര്‍ ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനു കത്തെഴുതി. നോട്ടുനിരോധനത്തിന് ശേഷമുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്തതിലെ പിടിപ്പുകേടിനെതിരെയും കാര്യങ്ങളുടെ മേല്‍നോട്ടത്തിനായി കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയുമാണ് ജീവനക്കാരുടെ കത്ത്. പ്രവര്‍ത്തനരീതിയിലെ പിടിപ്പുകേടുകൊണ്ട് ആര്‍ബിഐയുടെ സ്വയംഭരണാവകാശവും പ്രതിച്ഛായയും തീര്‍ത്തും മോശമായി. മാത്രമല്ല, കറന്‍സി മാനേജ്‌മെന്റിന്റെ മേല്‍നോട്ടത്തിനായി ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള സര്‍ക്കാരിന്റെ നടപടി പ്രകടമായ കടന്നുകയറ്റമാണെന്നും കത്തില്‍ പറയുന്നു. ജീവനക്കാരുടെ ദശകങ്ങളായുള്ള പ്രവൃത്തികളും വിവേക ബുദ്ധിയോടു കൂടിയ നയരൂപീകരണവും കൊണ്ട് ആര്‍ബിഐ നേടിയെടുത്ത പ്രവര്‍ത്തന മികവും സ്വാതന്ത്ര്യവും വളരെക്കുറഞ്ഞ സമയം കൊണ്ടാണ് ഒന്നുമില്ലാതായത്. ഇക്കാര്യത്തില്‍ അങ്ങേയറ്റത്തെ വേദന തങ്ങള്‍ക്കുണ്ടെന്നും കത്തില്‍ പറയുന്നു. വിഷയത്തില്‍ ഊര്‍ജിത് പട്ടേല്‍ ഉടന്‍ ഇടപെടണമെന്നും ജീവനക്കാര്‍ക്കുമേലുള്ള ഈ അപമാനം നീക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

© 2024 Live Kerala News. All Rights Reserved.