തിയേറ്റര്‍ സമരം പിന്‍വലിച്ചു;സമരം പിന്‍വലിച്ചത് പുതിയ സംഘന പ്രഖ്യാപിക്കാനിരിക്കെ;മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കുന്നുവെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍; ഇന്നു മുതല്‍ സിനിമാ പ്രദര്‍ശനം പുനരാരംഭിക്കും

കൊച്ചി: മലയാള സിനിമ മേഖലയെ പ്രതിസന്ധിയിലാക്കിയ തിയേറ്റര്‍ സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കുന്നു. തിയറ്ററുകള്‍ക്കെതിരെ പ്രതികാര നടപടിയുണ്ടായാല്‍ മുഖ്യമന്ത്രി ഇടപെടണമെന്നും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. തിയറ്ററുകളില്‍ ഇന്നു മുതല്‍ പ്രദര്‍ശനം ആരംഭിക്കും.സിനിമ മേഖലയെ സ്തംഭനത്തിലാക്കിയ സമരത്തിനെതിരെ സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സമരം പിന്‍വലിക്കാന്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ തീരുമാനിച്ചത്. സമാന്തര സംഘടന രൂപീകരിക്കാനുള്ള നീക്കം ശക്തമായതും പ്രതിരോധത്തിലാക്കിയതോടെയാണ് സമരം പിന്‍വലിച്ചതായി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പ്രഖ്യാപിച്ചത്.ശനിയാഴ്ച തിയറ്റര്‍ ഉടമകളുടെ പുതിയ സംഘടന രൂപീകരിക്കാന്‍ തീരുമാനമായതും ലിബര്‍ട്ടി ബഷീറും സംഘവും പെട്ടെന്ന് സമരത്തില്‍ നിന്ന് പിന്‍മാറാന്‍ ഇടയാക്കി.തീയറ്റര്‍ വിഹിതം പകുതിയാക്കി ഉയര്‍ത്താതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. ഇതേത്തുടര്‍ന്നാണ് നിര്‍മ്മാതാക്കളും വിതരണക്കാരും ഡിസംബര്‍ 16 മുതല്‍ സിനിമ റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിച്ചത്. വിതരണക്കാരും നിര്‍മ്മാതാക്കളും തിയറ്ററുടമകളുടെ ആവശ്യത്തിന് വഴങ്ങാത്തതും ഫെഡറേഷന് പുറത്തുള്ള തീയറ്ററുകളെ ഉപയോഗിച്ച് ഭൈരവാ റിലീസ് ചെയ്തതുമാണ് ലിബര്‍ട്ടി ബഷീറിനും നേതൃത്വത്തിനും തിരിച്ചടിയായത്. നടന്‍ ദിലീപിന്റെ തന്ത്രപരമായ ഇടപെടലാണ് കീറാമുട്ടിയായ സിനിമാ തര്‍ക്കത്തിന് പരിഹാരമൊരുക്കിയത്. ശനിയാഴ്ച രൂപീകരിക്കുന്ന തീയറ്ററുടമകളുടെ പുതിയ സംഘടനയില്‍ ദിലീപിന്റെ സാന്നിധ്യമുണ്ടാകും. ചാലക്കുടി ഡി സിനിമാസ് ദിലീപിന്റെ ഉടമസ്ഥതയിലാണ്. സുരേഷ് ഷേണായി (ഷേണോയ് സിനിമാക്‌സ്), ആന്റണി പെരുമ്പാവൂര്‍ (ആശിര്‍വാദ് സിനിമാസ്) എന്നിവരും നേതൃത്വത്തിലുണ്ടാകും. ശനിയാഴ്ച നടക്കുന്ന യോഗത്തില്‍ ദിലീപ് പങ്കെടുക്കും.സിനിമാ വ്യവസായത്തെ അടിമുടി തകര്‍ത്ത് കച്ചവടലക്ഷ്യം മുന്‍ നിര്‍ത്തി സമരത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെയാണ് പുതിയ സംഘടനയെന്ന് ദിലീപുമായി അടുത്ത കേന്ദ്രങ്ങള്‍ അറിയിക്കുന്നു. സര്‍ക്കാരില്‍ നിന്നുള്ള സെസ് ടിക്കറ്റില്‍ ചുമത്തി വീണ്ടും ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയുള്ള പരിഹാരമല്ല വേണ്ടത്. സിനിമയെ സ്‌നേഹിക്കുന്ന സംഘടനകളിലൊന്നായി തീയറ്ററുടമകളുടെ സംഘടനയും മാറണം. അതിന് വേണ്ടിയാണ് പുതിയ സംഘടന.

© 2024 Live Kerala News. All Rights Reserved.